ബെംഗലൂരു: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ വോട്ടെടുപ്പ് അവസാനിച്ചു. 64.5 ശതമാനാമാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. വിജയപ്രതീക്ഷയിലാണ് മുന്നണികള്‍. ബിജെപി 150നു മുകളില്‍ സീറ്റു നേടി അധികാരം പിടിക്കുമെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെഡിയൂരപ്പയും, കോണ്‍ഗ്രസിന് 120നു മുകളില്‍ സീറ്റ് ഉറപ്പാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും അവകാശപ്പെട്ടു. അതിനിടെ, ബി.ശ്രീരാമുലുവിനെതിരെ കൈക്കൂലിയുമായി ബന്ധപ്പെട്ട് വിഡിയോ സഹിതം വാര്‍ത്ത നല്‍കിയതിന് പത്ര, ദൃശ്യ മാധ്യമങ്ങള്‍ക്കെതിരെ റിട്ടുമായി ബിജെപി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു.
വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ ചിലയിടങ്ങളില്‍ വോട്ടെടുപ്പ് വൈകി. രാമനഗര, ബെംഗളൂരുവിലെ ചാമരാജ്പേട്ട്, ഹെബ്ബാള്‍ എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ടിങ് യന്ത്രത്തിലെ പ്രശ്നം കാരണം വൈകിയാണ് വോട്ടിങ് പുനഃസ്ഥാപിക്കാനായത്. വിവിധ സ്ഥലങ്ങളില്‍ അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ധാര്‍വാഡിലെ കാരാഡിഗുഡ്ഡയില്‍ പോളിങ് ഓഫിസര്‍മാര്‍ വോട്ടര്‍മാരോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനയ് കുല്‍ക്കര്‍ണിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ബിജെപി ബൂത്തിനു മുന്നില്‍ പ്രകടനം നടത്തി. ബെംഗളൂരുവിലെ ബൊമ്മനഹള്ളിയില്‍ ക്യൂവില്‍ നിന്ന വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുഷമാ രാജഗോപാല റെഡ്ഡി ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും നേരിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി.
വിജയനഗര്‍ ഹംപിനഗറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ബിജെപി നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാസനിലെ ഹൊളെനരസീപുരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.പി. മഞ്ചെഗൗഡയ്ക്ക് കല്ലേറില്‍ പരുക്കേറ്റു. ജെഡിഎസ് നേതാവ് എച്ച്.ഡി. രേവണ്ണ മലല്‍സരിക്കുന്ന മണ്ഡലമാണിത്.
മുഖത്തു നിന്നു ബുര്‍ഖ മാറ്റാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു ബെളഗാവിയില്‍ വനിതാ വോട്ടറെ പോളിങ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്ന് മറയ്ക്കുള്ളില്‍ കയറ്റി വനിതാ പൊലീസ് പരിശോധിച്ച ശേഷമാണ് ഇവരെ വോട്ടു ചെയ്യാന്‍ അനുവദിച്ചത്.