ലക്നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുറ്റക്കാരനാണെന്ന് സി.ബി.ഐ. ബിജെപി എം.എല്‍.എ കുല്‍ദീപ് സിംഗ് സെഗാള്‍ വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നത് തള്ളിക്കളയാനാകില്ലെന്നും സി..ബി.ഐ വ്യക്തമാക്കി.
ബലാത്സംഗം നടക്കുന്ന സമയത്ത് സെന്‍ഗാറിന്റെ സഹായി ശശി സിംഗ് കാവല്‍ നിന്നിരുന്നെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ മജിസ്ട്രേറ്റിന്റെ മുന്നില്‍ വച്ചാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ പൊലീസ് മനപ്പൂര്‍വ്വം പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ വൈകിപ്പിക്കുകയായിരുന്നു.
പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ നീക്കങ്ങളെന്നായിരുന്നു സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ഏപ്രില്‍ 13 നാണ് ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി എം.എല്‍.എ ആയ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പൊലീസ് അന്വേഷണത്തില്‍ ക്രമക്കേടുണ്ടെന്നും എം.എല്‍.എ യെ സഹായിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നുമുള്ള പരാതിയെത്തുടര്‍ന്നാണ് യു.പി സര്‍ക്കാര്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.
ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ എം.എല്‍.എ യുടെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം പുറത്തുപറഞ്ഞാല്‍ കുടുംബത്തെയൊന്നാകെ നശിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് എം.എല്‍.എ യുടെ സുഹൃത്തുക്കളും ഈ വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാനായി പെണ്‍കുട്ടി എത്തിയപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പിന്നീട് പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍, ശശി സിംഗ് എന്നിവരെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.