സൂര്യയും ഇഷാനും ഒന്നായി!!! ചരിത്ര മുഹൂര്‍ത്തത്തിന് വേദിയായി തിരുവനന്തപുരം, രാജ്യത്തിന് തന്നെ മാതൃക

തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ നിയമവിധേയമായ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് കേരളം സാക്ഷിയായി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതതാളം തേടിയ സൂര്യയും ഇഷാനും വിവാഹിതരായി. എല്ലാവരും തുല്യരാണെന്നോര്‍മ്മിപ്പിച്ച് ഇഷാന്‍ സൂര്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന് സമീപത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍ സജ്ജീകരിച്ച പന്തലില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. നൂറു കണക്കിന് ട്രാന്‍സ് ജെന്‍ഡേഴ്സ് ഈ അഭിമാന നിമിഷത്തിന് സാക്ഷിയാകാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരും ആശംസയുമായെത്തി.

കേരളത്തിന്റെ പൊതുബോധം രാജ്യത്തിനാകെ മാതൃകയാണെന്ന സന്ദേശമാണ് ഇതിലൂടെ ഉണ്ടായതെന്ന് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും അഭിനേത്രിയുമായ ശീതള്‍ ശ്യം പ്രതികരിച്ചു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെങ്കിലും ഇവരുടെ വിവാഹത്തിന് ചില പ്രത്യേകതകളുണ്ട്. ആണില്‍നിന്ന് പെണ്ണിലേക്ക് പരിവര്‍ത്തനം നടത്തിയയാളാണ് സൂര്യ. പെണ്ണില്‍നിന്ന് ആണിലേക്ക് പരിവര്‍ത്തനം നടത്തിയ ആളാണ് ഇഷാന്‍. ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ ഇരുവരും ആറുമാസം മുമ്പാണ് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്. ബിസിനസുകാരനായ ഇഷാന്‍ മൂന്നുവര്‍ഷം മുമ്പാണ് ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തിയത്. തിരുവനന്തപുരത്ത് ജ്യൂസ് കട തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഇഷാന്‍.

സൂര്യ 2014ലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമായത്. കോമഡി സ്റ്റാര്‍സ് അടക്കം നിരവധി ചാനല്‍ പരിപാടികളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് സൂര്യ. സോഷ്യല്‍ ആക്ടിവിസ്റ്റും ഭിന്ന-ലൈംഗിക പ്രവര്‍ത്തകയുമായ സൂര്യ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുവര്‍ഷം മുമ്പുവരെ സൂര്യ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. മൂന്നുവര്‍ഷത്തോളം അയാളോടൊപ്പം ജീവിച്ചു. തന്നെ സ്ത്രീയായി അംഗീകരിക്കാന്‍ അയാള്‍ക്കും കുടുംബത്തിനും ബുദ്ധിമുട്ടായതിനാല്‍ പിരിയുകയായിരുന്നു.

31കാരിയായ സൂര്യ സംസ്ഥാന സാക്ഷരതമിഷന്റെ കീഴില്‍ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ്. അവിടെത്തന്നെ 12ാം ക്ലാസ് വിദ്യാര്‍ഥിയാണ് 33കാരനായ ഇഷാന്‍. രഞ്ജു രജ്ഞികുമാറാണ് സൂര്യയുടെ രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തുള്ളത്. ട്രാന്‍സ്‌ജെന്‍ഡന്‍ തന്നെയായ ശ്രീക്കുട്ടിയാണ് ഇഷാന്റെ വളര്‍ത്തമ്മ. തങ്ങളുടെ വിവാഹത്തോടെ ട്രാന്‍സജെന്‍ഡേഴ്‌സിനും കുടുംബമായി ജീവിക്കാന്‍ കഴിയുമെന്ന ധാരണ പൊതുസമൂഹത്തില്‍ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇരുവരും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7