പണിമുടക്കിനെതിരേ വീണ്ടും പിണറായി വിജയന്‍; വ്യവസായ അന്തരീക്ഷത്തിന് നല്ലതല്ല

തിരുവനന്തപുരം: മാസത്തില്‍ ഒരു പണിമുടക്കില്‍ കൂടുതല്‍ ഉണ്ടാകുന്നത് സംസ്ഥാനത്തിന്റെ വ്യവസായ അന്തരീക്ഷത്തിന് നല്ലതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെട്രോളിയം, പാചകവാതക ഉത്പന്നങ്ങളുടെ വിതരണം തുടങ്ങിയ മര്‍മപ്രധാന മേഖലകളില്‍ തുടരെത്തുടരെ പണിമുടക്ക് ആഹ്വാനം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പ്രവണത തൊഴിലാളി യൂണിയനുകള്‍ അവസാനിപ്പിക്കണം. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

2017-ല്‍ മാത്രം ഈ മേഖലയില്‍ 15 പണിമുടക്കുകള്‍ നടന്നിട്ടുണ്ട്. വ്യവസായ സൗഹൃദ, നിക്ഷേപ സൗഹൃദ അന്തരീക്ഷത്തില്‍ നമ്മുടെ സംസ്ഥാനം പിന്നിലാണെന്ന അവസ്ഥ മാറണം. മറുനാടന്‍ തൊഴിലാളികള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി മികച്ച വേതനവും മറ്റാനുകൂല്യങ്ങളും ഉറപ്പുവരുത്താന്‍ നമുക്കായിട്ടുണ്ട്. ഇക്കാര്യത്തിലെല്ലാം മുന്നേറാന്‍ സാധിച്ചുവെങ്കിലും നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തില്‍ നാം വളരെ പിന്നിലാണ്.

സംസ്ഥാനത്ത് മേയ് ഒന്നു മുതല്‍ നോക്കുകൂലി സമ്പ്രദായം നിരോധിച്ച നടപടി എല്ലാ തൊഴിലാളി യൂണിയനുകളും അംഗീകരിച്ചതാണ്. എവിടെയെങ്കിലും ആരെങ്കിലും ആ സമ്പ്രദായം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

pathram:
Related Post
Leave a Comment