രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് യാതൊരു അവകാശമില്ല, പിന്തുണയുമായി ശിവസേന

മുംബൈ: രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് അവകാശമില്ലെന്ന് ശിവസേന വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന രാഹുലിന്റെ പരാമര്‍ശത്തെ പരിഹസിച്ച മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹം തുറന്നു പ്രകടിപ്പിക്കാന്‍ ജനാധിപത്യ സംവിധാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന് അവകാശമുണ്ട്. 2014ല്‍ ബിജെപി വിജയിച്ചപ്പോള്‍ എല്‍.കെ അദ്വാനി പ്രധാനമന്ത്രിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മോദി പ്രധാനമന്ത്രിയായി. മോദിക്കുള്ള അതേ അവകാശമാണ് രാഹുല്‍ ഗാന്ധിക്കുമുള്ളത്. ഇക്കാര്യത്തില്‍ രാഹുലിനെ പരിഹസിക്കാന്‍ മോദിക്ക് യാതൊരു അവകാശവുമില്ല- സഞ്ജയ് റാവത്ത് പറഞ്ഞു.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് തടയുന്നതിന് മോദിക്കുള്ള ഒരേയൊരു മാര്‍ഗം തിരഞ്ഞെടുപ്പില്‍ രാഹുലിനെ പരാജയപ്പെടുത്തുകയാണ്. അല്ലാതെ രാഹുലിന്റെ നിലപാടിനോട് അസ്വസ്ഥത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഇന്ത്യയില്‍ ഇപ്പോഴും കോണ്‍ഗ്രസ് ഏറ്റവും വലിയ പാര്‍ട്ടിതന്നെയാണ്. 2014ല്‍ അസാധാരണമായ ഒരു സാഹചര്യത്തിലാണ് കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുന്നതെന്നും സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ചൊവ്വാഴ്ച സമൃദ്ധ ഭാരത് ഫൗണ്ടേഷന്‍ ഉദ്ഘാടന സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി താന്‍ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞത്. 2019 ല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവനയെ പരിഹസിച്ചാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. പ്രസ്താവന തെളിയിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ധാര്‍ഷ്ട്യമാണെന്ന് മോദി പറഞ്ഞു. നിരവധി വര്‍ഷത്തെ അനുഭവ സമ്ബത്തുള്ളവരെ തട്ടിമാറ്റി സ്വയം മുന്നില്‍കയറി നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തിരിക്കുന്നതെന്ന് മോദി ആരോപിച്ചു. എങ്ങനെയാണ് ഒരാള്‍ക്ക് താന്‍ അടുത്ത പ്രധാനമന്ത്രിയെന്ന് പ്രഖ്യാപിക്കാനാകുക, ഇതില്‍ മറ്റൊന്നുമല്ല ധാര്‍ഷ്ട്യമാണുള്ളതെന്നും ബംഗാരപ്പേട്ടയില്‍ നടന്ന പാര്‍ട്ടി റാലിയില്‍ മോദി വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular