ആശുപത്രി മാനേജ്മെന്റുകള്‍ക്ക് തിരിച്ചടി, നഴ്സുമാരുടെ ശമ്പളപരിഷ്‌കരണ വിജ്ഞാപനം സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: നഴ്സുമാരുടെ ശമ്പളപരിഷ്‌കരണ വിജ്ഞാപനത്തിന് സ്റ്റേ ഇല്ല. വിജ്ഞാപനം ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചു. സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജികള്‍ ഒരുമിച്ച് വെള്ളിയാഴ്ച്ച പരിഗണിക്കും. നേരത്തെ സിംഗിള്‍ ബഞ്ചും ഇടക്കാല സ്റ്റേ നല്‍കിയിരുന്നില്ല.

മുന്‍കാല പ്രാബല്യത്തോടെ വേതന വര്‍ധനവ് നടപ്പാക്കേണ്ടി വന്നാല്‍ ആശുപത്രികള്‍ പൂട്ടേണ്ടി വരുമെന്നാണ് ആശുപത്രി മാനേജ്മെന്റുകള്‍ പറയുന്നത്. ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ ചികിത്സാച്ചിലവ് കൂട്ടേണ്ടി വരും. ഇത് സാധാരണക്കാരന് താങ്ങാനാവില്ലെന്നുമാണ് മാനേജ്‌മെന്റിന്റെ നിലപാട്.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ജോലിക്കു കയറുമ്പോള്‍ തന്നെ ഒരു ബി എസ് സി ജനറല്‍ നഴ്സിന് 20000 രൂപ ശമ്പളം ലഭിക്കും. നേരത്തെ 8975 രൂപയായിരുന്നു അടിസ്ഥാന ശമ്പളം. എഎന്‍എം നഴ്സുമാര്‍ക്ക് 10 വര്‍ഷം സര്‍വ്വീസുണ്ടെങ്കില്‍ 20000 രൂപ ലഭിക്കും. ആശുപത്രികളെ ആറു വിഭാഗങ്ങളായി പുനര്‍നിര്‍ണയിച്ചു.

ഒന്ന് മുതല്‍ 100 വരെ ബെഡുകളുള്ള ആശുപത്രികളില്‍ 20,000 രൂപ ശമ്പളം. 101 മുതല്‍ 300 വരെ ബെഡിന് 22,000 രൂപ, 301 മുതല്‍ 500 വരെ ബെഡ് 24000 രൂപ ,501 മുതല്‍ 700 വരെ ബെഡിന് 26,000 രൂപ, 701 മുതല്‍ 800 വരെ ബെഡിന് -28,000 രൂപ, 800ന് മുകളില്‍ ബെഡുകളുള്ള ആശുപത്രികളില്‍ 30,000 രൂപയും ശമ്പളം ലഭിക്കും. കൂടാതെ സര്‍വ്വീസ് വെയിറ്റേജ്, ക്ഷാമ ബത്ത, ഇന്‍ക്രിമന്റ് എന്നിവയും ലഭിക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7