കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്നെയെന്ന് പോലീസ്

കണ്ണൂര്‍: കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്നെയെന്ന് എഫ്‌ഐആര്‍. മാഹിയില്‍ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകളുടെ ഇടവേളയിലായിരുന്നു കൊലപാതകങ്ങള്‍ നടന്നത്. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്. സംഭവത്തിനു തൊട്ടു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തി(42)നെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാഹി നഗരസഭ മുന്‍ കൗണ്‍സിലറാണ് ബാബു. രാത്രി ഒന്‍പതേമുക്കാലോടെ പള്ളൂരില്‍ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. തലയ്ക്കും കഴുത്തിനും വയറിനുമാണു ബാബുവിനു വെട്ടേറ്റത്. ബാബുവിനു വെട്ടേറ്റതിന് പിന്നാലെ ന്യൂമാഹിയില്‍ സിപിഐഎംആര്‍എസ്എസ് സംഘര്‍ഷമുണ്ടായി. ഓട്ടോറിക്ഷ െ്രെഡവറായ ഷമേജ് വീട്ടിലേക്കു പോകുമ്പോള്‍ കല്ലായി അങ്ങാടിയില്‍ വച്ചാണ് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഇന്ന് സിപിഐഎമ്മും ബിജെപിയും ഹര്‍ത്താലാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരേതനായ ബാലന്റെയും സരോജിനിയുടെയും മകനാണ് ബാബു. അനിതയാണു ഭാര്യ, അനുനന്ദ, അനാമിക, അനുപ്രിയ എന്നിവരാണു മക്കള്‍. പറമ്പത്തു മാധാവന്റെയും വിമലയുടെയും മകനാണു ഷമേജ്. ദീപയാണു ഭാര്യ. അഭിനവ് ഏകമകനാണ്.

മാഹി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ബാബു. ആറു മാസം മുന്‍പു ബാബുവിന്റെ വീടിനു നേരെ ബോംബാക്രമണമുണ്ടായിരുന്നു. ആര്‍എസ്എസ് ആണ് കൊലപാതകത്തിനു പിന്നിലെന്നു സിപിഐഎം ആരോപിച്ചു. സമാധാനം നിലനിന്നിരുന്ന കണ്ണൂരില്‍ ആര്‍എസ്എസ് കൊലക്കത്തി താഴെവയ്ക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് ഇതിലൂടെ നടത്തിയിരിക്കുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കൂത്തുപറമ്പില്‍ ആയുധപരിശീലന ക്യാംപ് കഴിഞ്ഞതിനു പിന്നാലെ ആര്‍എസ്എസ് നേതൃത്വം ആസൂത്രണം ചെയ്തതാണ് ഈ കൊലപാതകം. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ചും പോലീസ് അന്വേഷിക്കണം. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സംഭവത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചു.

അതേസമയം, മാഹിയിലെ ബിജെപി പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകം നിന്ദ്യവും ആസൂത്രിതവുമാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശന്‍ പ്രസ്താവനയില്‍ പറഞ്ഞു. സിപിഐഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകത്തെപ്പറ്റി ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും അറിവില്ല. എന്നിട്ടും അതിന്റെ ചുവടുപിടിച്ച് ആസൂത്രിതമായി നടപ്പാക്കിയതാണ് ഷമേജിന്റെ കൊലപാതകം. സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം വേണമെന്നും സത്യപ്രകാശന്‍ ആവശ്യപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7