ജനീവ: ഏറ്റവും കൂടുതല്‍ പേര്‍ ട്വിറ്ററില്‍ പിന്തുടരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഫെയ്‌സ്ബുക്കില്‍ കടത്തിവെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെയ്‌സ്ബുക്കില്‍ മോദിക്കു വളരെ പിറകിലാണു ട്രംപിന്റെ സ്ഥാനമെന്നാണ് ബുധനാഴ്ച പുറത്തുവന്ന പഠന റിപ്പോര്‍ട്ട്. 43.2 ദശലക്ഷം പേരാണു ഫെയ്‌സ്ബുക്കില്‍ മോദിയെ പിന്തുടരുന്നത്. എന്നാല്‍ ട്രംപിനെ പിന്തുടരുന്നവര്‍ 23.1 ദശലക്ഷം പേര്‍ മാത്രമാണെന്നു ബര്‍സണ്‍-മാര്‍ട്‌സ്റ്റെല്ലാര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.
ട്വിറ്ററിനേക്കാളും ഏഷ്യക്കാര്‍ കൂടുതല്‍ ഉപയോഗിക്കുന്നതു ഫെയ്‌സ്ബുക്കാണ്. അതുകൊണ്ടുതന്നെ ഏഷ്യന്‍ നേതാക്കള്‍ക്കു കൂടുതല്‍ പിന്തുണ ലഭിക്കുന്നതു സ്വാഭാവികമാണെന്നു റിപ്പോര്‍ട്ട് പറയുന്നു. 2017 ജനുവരി ഒന്നു മുതല്‍ വിവിധ സര്‍ക്കാരുകളുടെ തലപ്പത്തുള്ളവരുടെയും വിദേശകാര്യ മന്ത്രിമാരുടേതുമായി വ്യക്തിപരവും ഔദ്യോഗികവുമായി 650 പേജുകള്‍ ഫെയ്‌സ്ബുക്കിലുണ്ട്. ഇടപെടലിന്റെ കാര്യത്തില്‍ മോദിയെക്കാള്‍ മുന്‍പിലാണു ട്രംപ്. 204.9 മില്യന്‍ കമന്റ്, ലൈക്ക്, ഷെയര്‍ എന്നിങ്ങനെയാണ് ട്രംപിന് ഫെയ്‌സ്ബുക്കില്‍ ലഭിക്കുന്നത്; മോദിക്ക് 113.6 മില്യന്‍.
മോദിയേക്കാള്‍ ഫെയ്‌സ്ബുക്കില്‍ ദിവസേന പോസ്റ്റുകള്‍ ഇടുന്നതും ട്രംപാണ്. ഒരു ദിവസം ശരാശരി അഞ്ച് പോസ്റ്റുകളെങ്കിലും ട്രംപ് ഇടുന്നുണ്ടത്രേ. മോദിയുടെ പോസ്റ്റുകള്‍ ഇതിലും കുറവാണ്. 16 ദശലക്ഷം ആരാധകരുള്ള ജോര്‍ദാനിലെ ക്വീന്‍ റാണിയ ആണ് നേതാക്കളില്‍ മൂന്നാമത്.
ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്ന നേതാവ് ന്യുസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനാണ്. ഇവര്‍ സ്ഥിരമായി ഫെയ്‌സ്ബുക്കില്‍ ലൈവ് വരാറുമുണ്ട്. വീട്ടില്‍നിന്നും കാറില്‍നിന്നും ന്യുസീലന്‍ഡ് പ്രധാനമന്ത്രിയുടെ ലൈവ് വിഡിയോ വരുന്നതിനാല്‍ ആരാധകര്‍ക്ക് ഇവരെ ഏറെ പ്രിയമാണ്. .
Leave a Comment