ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നവര്‍ക്കും ഇനി ഇന്ത്യയില്‍ വധശിക്ഷ; പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: 12 വയസുവരെയുള്ള പെണ്‍കുട്ടിയെ മാത്രമല്ല ആണ്‍കുട്ടിയെ പീഡിപ്പിച്ചാലും ഇന്ത്യയില്‍ ഇനി വധശിക്ഷ. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള പോക്സോ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം പുതിയ നിയമം നടപ്പിലാക്കുന്നത്. നിയമത്തില്‍ ഭേദഗതി വരുത്തി 12 വയസുവരെയുള്ള ആണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കും വധശിക്ഷ നല്‍കുമെന്നാക്കും.

ഏപ്രില്‍ 22നാണ് കേന്ദ്ര സര്‍ക്കാര്‍ പോക്സോ നിയമത്തില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉള്‍പ്പെടുത്തി ഭേദഗതി വരുത്തി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ട് നിയമമാക്കിയത്.

ഈ സര്‍ക്കാര്‍ എപ്പോഴും ലിംഗനിഷ്പക്ഷത പുലര്‍ത്തിയിട്ടുണ്ടെന്നും പുതിയ പോക്സോ നിയമവും ലിംഗ നിഷ്പക്ഷമാക്കി ഭേദഗതി വരുത്തുമെന്നും അറിയിച്ച് വനിത-ശിശു വികസന മന്ത്രാലയം ട്വീറ്റ് ചെയ്തു.

ജമ്മുവിലെ കഠ്വയില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ശിശു പീഡകര്‍ക്ക് വധശിക്ഷ ഉള്‍പ്പെടുത്തി നിയമ ഭേദഗതി വരുത്തിയത്. ഇന്ത്യയില്‍ ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ അവഗണിക്കപ്പെടുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ വനിത-ശിശു ക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് ഭേദഗതിക്ക് നിര്‍ദേശിച്ചത്.

pathram desk 1:
Related Post
Leave a Comment