ന്യഡല്‍ഹി: ഇതാദ്യമായി ഒരു സ്വകാര്യ കമ്പനിക്ക് ചെങ്കോട്ടയുടെ പരിപാലനത്തിന് ടെണ്ടര്‍ ലഭിച്ചു. ഡാല്‍മിയ ഭരത് ലിമിറ്റഡുമായാണ് ടൂറിസം വകുപ്പും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും കരാറൊപ്പിട്ടത്.
25 കോടി രൂപയാണ് കരാര്‍ തുക. ഇന്‍ഡിഗോ എയര്‍ലൈന്‍സും ജിഎംആര്‍ ഗ്രൂപ്പുമായി മത്സരിച്ചാണ് ഡാല്‍മിയ കരാര്‍ നേടിയത്. സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം രാജ്യത്തെ 90ലധികം ചരിത്ര സ്മാരകങ്ങളാണ് ഇത്തരത്തില്‍ സ്വകാര്യ കമ്പനികളെ പരിപാലന ചുമതലയേല്‍പ്പിക്കുന്നത്.
ഏപ്രില്‍ തുടക്കത്തില്‍ കമ്പനി സര്‍ക്കാരുമായി കരാറിലെത്തിയെങ്കിലും കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പുറത്തുവരുന്നത്. കുടിവെള്ള കിയോസ്‌കുകള്‍, ബെഞ്ചുകള്‍, സൂചകങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കല്‍ കരാര്‍ പ്രകാരം ഡാല്‍മിയ ഗ്രൂപ്പ് ചെയ്യേണ്ടതാണ്. ഫോര്‍ട്ടുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം സ്മാരകം സംരക്ഷിക്കേണ്ട ചുമതലയും ഗ്രൂപ്പിനാണ്.
ടൂറിസം വകുപ്പിന്റെയും സാംസ്‌ക്കാരിക വകുപ്പിന്റെയും അനുമതിയോടെ റെഡ് ഫോര്‍ട്ടിലെത്തുന്നവരില്‍നിന്ന് സന്ദര്‍ശക ഫീസ് ഈടാക്കാനും ഗ്രൂപ്പിന് കഴിയും.
അതേസമയം, ചരിത്ര സ്മാരകങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നതിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ അടുത്തതായി ലീസിന് കൊടുക്കുന്ന സ്ഥാപനമേതെന്ന് കാണിച്ച് കോണ്‍ഗ്രസ് ട്വിറ്ററില്‍ പോള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റ്, ലോക് കല്യാണ്‍ മാര്‍ഗ്, സുപ്രീം കോടതി എന്നിങ്ങനെ ഓപ്ഷനുംകൊടുത്താനാണ് വോട്ടിനിട്ടിരിക്കുന്നത്.