16 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനൊരുങ്ങി ഇന്ദ്രാണി മുഖര്‍ജി; വിവാഹ മോചനം ആവശ്യപ്പെട്ട് പീറ്റര്‍ മുഖര്‍ജിയ്ക്ക് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജി ഭര്‍ത്താവും കൂട്ടുപ്രതിയുമായ പീറ്റര്‍ മുഖര്‍ജിയില്‍ നിന്ന് വിവാഹമോചനം തേടുന്നു. 16 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആര്‍തര്‍ റോഡ് ജയിലിലുള്ള പീറ്ററിന് ഇന്ദ്രാണി വിവാഹ മോചന നോട്ടീസ് അയച്ചു. സ്പീഡ് പോസ്റ്റ് വഴിയാണ് നോട്ടീസ് അയച്ചത്.

ഏപ്രില്‍ 25നാണ് നോട്ടീസ് അയച്ചത്. ഈ മാസം 30നകം സാമ്പത്തിക ഒത്തുതീര്‍പ്പുകളിലെത്താനും പരസ്പര സഹകരണത്തോടെ പിരിയാനുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിരിച്ചെടുക്കാന്‍ കഴിയാത്തവിധം ഇരുവരും തമ്മിലുള്ള ബന്ധം തകര്‍ന്നു എന്നാണ് അഭിഭാഷകന്‍ മുഖേന നല്‍കിയ നോട്ടീസില്‍ ഇന്ദ്രാണി വ്യക്തമാക്കുന്നത്. എന്നാല്‍ നോട്ടീസിനെ കുറിച്ച് പ്രതികരിക്കാന്‍ പീറ്ററിന്റെ അഭിഭാഷകന്‍ വിസമ്മതിച്ചു.

പീറ്ററിനും ഇന്ദ്രാണിക്കും സ്പെയിനിലും ലണ്ടനിലും സ്വത്തുക്കളുണ്ട്. പല ബാങ്കുകളിലായി ഫിക്സഡ് ഡിപ്പോസിറ്റുകളും നിക്ഷേപങ്ങളുമുണ്ട്. വ്യാഴാഴ്ച സിബിഐ പ്രത്യേക കോടതിയില്‍ വാദം കേള്‍ക്കാന്‍ ഹാജരായപ്പോള്‍ ഇന്ദ്രാണി പീറ്റര്‍ മുഖര്‍ജിക്കും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നക്കും ഇടയിലായിരുന്നു ഇരുന്നിരുന്നത്. എന്നാല്‍ അവര്‍ പരസ്പരം ഒന്നും സംസാരിച്ചില്ല.

വിവാഹമോചനം സംബന്ധിച്ച് പീറ്ററും ഇന്ദ്രാണിയും തമ്മില്‍ നേരത്തെ സംസാരിച്ചിരുന്നതാണ്. 2012 ഏപ്രിലിലാണ് ഇന്ദ്രാണിയുടെ ആദ്യബന്ധത്തിലെ മകള്‍ ഷീന(24)കൊല്ലപ്പെട്ടത്. 2015ല്‍ ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ രവി അറസ്റ്റിലായതോടെയാണ് കേസിന്റെ ചുരുളഴിയുന്നത്. ഇതേ തുടര്‍ന്ന് ഇന്ദ്രാണിയെയും സഞ്ജീവ് ഖന്നയെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഗൂഢാലോചന കുറ്റത്തിന് പീറ്റര്‍ മുഖര്‍ജിയും അറസ്റ്റിലാവുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular