കണ്ണൂര്‍: പിണറായിയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്തു ചെന്നു മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. അവിഹിത ബന്ധം നേരിട്ട് കണ്ടതിനാണ് മകളെ കൊന്നതെന്ന് അറസ്റ്റിലായ സൗമ്യ പോലീസിനോട് കുറ്റസമ്മതം നടത്തി. ബന്ധത്തിന് തടസമായതുകൊണ്ടാണ് മറ്റൊരു മകളെയും അച്ഛനെയും അമ്മയെയും കൊന്നതെന്നുമാണ് സൗമ്യയുടെ മൊഴി. മകള്‍ക്കും അച്ഛനും അമ്മക്കും ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി നല്‍കുകയായിരുന്നു.
സൗമ്യയുമായി ബന്ധമുളള മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നും നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇവരില്‍ ഒരാളുമായുളള ബന്ധമാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയായ സൗമ്യ യുവാവിന്റെ പ്രേരണയിലാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നു.
ഇന്ന് സൗമ്യയേയും യുവാക്കളേയും പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യും. പതിനൊന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സൗമ്യ കുറ്റം സമ്മതിച്ചത്. സൗമ്യയുടെ മക്കളായ ഒന്നരവയസുകാരി കീര്‍ത്തന, ഒന്‍പതു വയസുകാരി ഐശ്വര്യ, മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരാണ് മരിച്ചത്. അലൂമിനിയം ഫോസ്‌ഫൈഡ് എന്ന മാരക രാസവസ്തു അകത്ത് ചെന്നാണ് നാല് പേരും മരിച്ചതെന്ന് ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എലിവിഷത്തിലും കീടനാശിനികളിലും ഉപയോഗിക്കുന്ന രാസവസ്തുവാണ് ഇത്.
2012ല്‍ സൗമ്യയുടെ മകള്‍ കീര്‍ത്തന ഛര്‍ദിയെ തുടര്‍ന്നു മരിച്ചു. ഐശ്വര്യ 2018 ജനുവരി 21 നാണ് മരിച്ചത്. ഒന്നര മാസം കഴിയുമ്പോള്‍ വടവതി കമലയും (68) മരിച്ചിരുന്നു. അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ (76) ഏപ്രില്‍ 13നും സമാനമായ രോഗലക്ഷണവുമായി മരിച്ചത് ബന്ധുക്കളിലും നാട്ടുകാരിലും സംശയമുണര്‍ത്തിയതോടെയാണ് സംഭവം പുറത്തായത്.
തുടര്‍ന്നാണ് ബന്ധുക്കള്‍ ഐശ്വര്യയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പൊലീസിനു പരാതി നല്‍കിയത്. കുട്ടികളുടെ അമ്മ സൗമ്യ ഛര്‍ദിയെത്തുടര്‍ന്ന് തലശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആശുപത്രിയില്‍ എത്തിയാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.