മകളെയും അച്ഛനെയും അമ്മയെയും കൊന്നകേസ്: സൗമ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കണ്ണൂര്‍: പിണറായിയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള സൗമ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുറ്റം സമ്മതിച്ച ഇവരുടെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അവിഹിത ബന്ധം നേരിട്ട് കണ്ടതിനാണ് മകളെ കൊന്നത്. ബന്ധത്തിന് തടസമായതുകൊണ്ടാണ് മറ്റൊരു മകളെയും അച്ഛനെയും അമ്മയെയും കൊന്നതെന്നുമാണ് സൗമ്യയുടെ മൊഴി. മകള്‍ക്കും അച്ഛനും അമ്മക്കും ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി നല്‍കുകയായിരുന്നു.
11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യ കുറ്റം സമ്മതിച്ചത്. പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്റെ കുടുംബത്തിലുണ്ടായ മരണങ്ങളില്‍ മകള്‍ സൗമ്യയെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത.് കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, കസ്റ്റഡിയിലുളള സൗമ്യയുടെ രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ജനുവരി 21നാണ് സൗമ്യയുടെ മൂത്ത മകള്‍ ഐശ്വര്യ ഛര്‍ദ്ദിയെ തുടര്‍ന്ന് മരിക്കുന്നത്. തൊട്ട് പിന്നാലെ മാര്‍ച്ച് ഏഴിന് സൗമ്യയുടെ അമ്മ കമലയും ഏപ്രില്‍13ന് പിതാവ് കുഞ്ഞിക്കണ്ണനും സമാന സാഹചര്യത്തില്‍ മരിച്ചു. 2012 ജനുവരിയില്‍ സൗമ്യയുടെ ഇളയകുട്ടിയായ ഒരു വയസുളള കീര്‍ത്തനയും ഛര്‍ദ്ദിയെ തുടര്‍ന്ന് മരിച്ചിരുന്നു. അലുമിനിയം ഫോസ്‌ഫൈഡ് എന്ന രാസവസ്തു ശരീരത്തില്‍ എത്തിയതാണ് കുഞ്ഞിക്കണ്ണന്റെയും ഭാര്യയുടെയും മരണ കാരണം എന്ന് ഇവരുടെ ആന്തരിക അവയവ പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് സൗമ്യയുടെ മൂത്ത മകള്‍ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തു.

തുടര്‍ച്ചയായുണ്ടായ മരണങ്ങളില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് സൗമ്യയുടെ അറസ്റ്റിലെത്തിയത്. മരണങ്ങള്‍ കൊലപാതകങ്ങളാണെന്നും കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7