സൂപ്പര്‍ താരത്തിന് പരിക്ക്; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വന്‍ തിരിച്ചടി

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സുമായി കൊമ്പുകോര്‍ക്കാന്‍ ഇറങ്ങുന്ന സണ്‍ റൈസേഴ്സ് ഹൈദരാബാദിന് വമ്പന്‍ തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ശിഖര്‍ ധവാന്‍ ഇന്ന് കളിച്ചേക്കില്ലെന്ന് സൂചന. കിംഗ്സ് ഇലവന്‍ പഞ്ചാബുമായി നടന്ന കഴിഞ്ഞ മത്സരത്തിനിടെ കൈമുട്ടിന് പരിക്കേറ്റതാണ് താരം കളിക്കാന്‍ ഇറങ്ങാത്തതിന്റെ കാരണം. താരത്തിന്റെ അഭാവം ടീം ഹൈദരാബാദിനെ കനത്ത തിരിച്ചടിയാകുമെന്നാണ് സൂചന.

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ മത്സരത്തില്‍ ഓപ്പണിംഗ് ബാറ്റിംഗിനിറങ്ങിയ ധവാന് പരിക്കേറ്റതിനെത്തുടര്‍ന്ന് ആദ്യ പന്തിന് ശേഷം റിട്ടയേഡ് ഹര്‍ട്ട് ആവേണ്ടി വന്നിരുന്നു. ടീം 15 റണ്‍സിന് പരാജയപ്പെട്ട മത്സരത്തില്‍ പിന്നീട് താരം ബാറ്റിംഗിന് തിരിച്ചെത്തിയിരുന്നുമില്ല. ഇന്ന് ചെന്നൈക്കെതിരെ ജയിച്ച് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ഹൈദരാബാദിന് വലിയ തലവേദനയാണ് ധവാന്റെ പരിക്കിന്റെ വാര്‍ത്ത നല്‍കുന്നത്.

എന്നാല്‍ താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകളൊന്നും സണ്‍ റൈസേഴ്സ് മാനേജ്മെന്റ് പുറത്ത് വിട്ടിട്ടില്ല. പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാവാതെ ധവാനെ കളിപ്പിക്കാന്‍ ഹൈദരാബാദ് ധൈര്യപ്പെടില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ദര്‍ നല്‍കുന്ന സൂചന. അങ്ങനെയാണെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ധവാന് പുറത്തിരിക്കേണ്ടി വന്നേക്കും. സണ്‍ റൈസേഴ്സിന്റെ ഹോം ഗ്രൗണ്ടായ ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിനാണ് മത്സരം ആരംഭിക്കുക.

pathram desk 1:
Related Post
Leave a Comment