തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയ ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പേരില്‍ അഖിലേന്ത്യാ സര്‍വീസ് ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണു സസ്‌പെന്‍ഷന്‍.
പുസ്തകത്തിലെ പാറ്റൂര്‍, ബാര്‍ക്കോഴ, ബന്ധുനിയമനക്കേസുകള്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ചട്ടലംഘനമാണെന്ന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി നേരത്തേ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണു നടപടി. കഴിഞ്ഞ അഴിമതിവിരുദ്ധ ദിനത്തിലെ സര്‍ക്കാര്‍വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ കുറ്റപത്രം നല്‍കുകയും ജേക്കബ് തോമസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണത്തിനു കമ്മിഷനെ നിയമിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് അഴിമതിക്കെതിരെ മിണ്ടാന്‍ പേടിയാണ്, ഓഖി ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടു തുടങ്ങിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു ജേക്കബ് തോമസിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തത്.