ന്യൂഡല്‍ഹി: രാജ്യത്ത് ഇഷ്ടം പോലെ പണമുള്ളത് ബിജെപിയുടെ കൈവശം മാത്രമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ട് അസാധുവാക്കലിന് ശേഷമുണ്ടായതിന് സമാനമായ തരത്തില്‍ ഉത്തരേന്ത്യയില്‍ ഉണ്ടായിട്ടുള്ള നോട്ടുപ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2016 നവംബറില്‍ രാജ്യത്തെ എടിഎമ്മുകള്‍ കാലിയായിരുന്നു. സമാനമായ അവസ്ഥയാണ് ഇപ്പോഴും. രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. പെട്ടെന്നുള്ള നോട്ടുനിരോധനത്തിന്റെ വിലയാണ് രാജ്യം ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നത്. ഭരണപരമായ വീഴ്ച മൂലം രാജ്യത്തെ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
2000 രൂപയുടെ കുറവിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പറഞ്ഞിരുന്നു. നോട്ട് അസാധുവാക്കുന്നതിന് മുമ്പ് 15 ലക്ഷം കോടി നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ അതിനുശേഷം 16.5 ലക്ഷം കോടിയായി നോട്ടുകളുടെ പ്രചാരമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം 2000 രൂപയുടെ നോട്ടുകള്‍ അപ്രത്യക്ഷമായതായും ചൗഹാന്‍ ആരോപിച്ചു.
കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, യുപി, മധ്യപ്രദേശ്, തെലങ്കാന, ദില്ലി സംസ്ഥാനങ്ങളിലാണ് കറന്‍സിക്ക് ക്ഷാമം നേരിട്ടത്. പണം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കുറവുള്ള സംസ്ഥാനങ്ങളിലേക്ക് കറന്‍സി എത്തിക്കാന്‍ റിസര്‍വ് ബാങ്ക് സമിതിയെ നിയോഗിച്ചു. പ്രശ്നം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം പ്രശ്നം പരിഹരിക്കുണ്ടന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവപ്രസാദ് ശുക്ല അറിയിച്ചു.