ടൊവിനോ തോമസിന്റെ പുതിയ സിനിമ തീവണ്ടി ആരാധകരുടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ പാട്ടിനിടിലെ ഡയലോഗ് ആണ് ഇപ്പോള്‍ തരംഗമാകുന്നത്. ‘ആദ്യം വലി നിര്‍ത്ത്, എന്നിട്ടു മതി ഉമ്മ’ തീവണ്ടിയിലെ നായിക ടൊവീനോയുടെ കഥാപാത്രത്തോട് പറയുന്ന ഡയലോഗാണിത്. ‘ജീവാംശമായി താനേ നീയെന്നില്‍’ എന്ന പാട്ടിനിടയിലാണ് ഈ ഡയലോഗ്. ശ്രേയാ ഘോഷാല്‍ വാനോളം പുകഴ്ത്തിയ ഈ ഗാനത്തിന്റെ വിഡിയോയും മനോഹരമാണ്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ച ഗാനം വലിയ തരംഗമാണ് തീര്‍ക്കുന്നത്.
സ്ഥിരമായി പുകവലിക്കുന്ന ചെറുപ്പക്കാരന്റെ റോളിലാണ് ടൊവീനോ എത്തുന്നത്. ടൊവീനോയുടെ കാമുകിയായി സംയുക്ത മേനോനാണ് അഭിനയിക്കുന്നത്. നാട്ടിന്‍പുറം പശ്ചാത്തലമാക്കിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. 90-കളിലെ ചില മലയാള സിനിമകളിലെ ഹിറ്റ് പാട്ടുകള്‍ പോലെയാണ് തീവണ്ടിയിലെ ഈ ഗാനവും ആസ്വാദകന് അനുഭവപ്പെടുക. മനോഹരമായ സംഗീതവും അര്‍ഥപൂര്‍ണമായ വരികളും നയനമനോഹരമായ രംഗങ്ങളും ചേരുമ്പോള്‍ പാട്ട് ഹൃദയത്തില്‍ തൊടുന്നതാകും.
പ്രധാനമായും പ്രണയരംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഈ ഗാനം പാടാനെത്തിയ ശ്രേയ പാട്ടിനെയും ഈണം കൊടുത്ത പുതുമുഖ സംഗീത സംവിധായകന് കൈലാസ് മേനോനെയും അഭിനന്ദിച്ചിരുന്നു. ‘വളരെ മികച്ച ഒരു മെലഡി ഗാനമാണ് ഞാന്‍ പാടിയിരിക്കുന്നത്. ഒരു പുതുമുഖമാണ് ഈ പാട്ടിനു സംഗീതം കൊടുത്തതെന്ന് അറിയുന്നതില്‍ വളരെ സന്തോഷം. കൈലാസ് നിങ്ങള്‍ വളരെ മികച്ച ഒരു വര്‍ക്കാണ് ചെയ്തിരിക്കുന്നത്. വളരെ മികച്ച ഒരു പാട്ടാണ് എനിക്കായി ഒരുക്കിയിരിക്കുന്നത്. ഈ പാട്ട് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന് ഞാനുറപ്പു തരുന്നു.’ ശ്രേയ അന്ന് പറഞ്ഞത് ഇങ്ങനെയാണ്.
ഈ ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനാണ്. ശ്രേയയും ഹരിശങ്കറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. തീവണ്ടി സംവിധാനം ചെയ്യുന്നത് ഫെലിനി ടി.പി എന്ന പുതുമുഖമാണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഗൗതം ശങ്കറും ചിത്രം എഡിറ്റ് ചെയ്യുന്നത് സംസ്ഥാന പുരസ്കാര ജേതാവായ അപ്പു ഭട്ടതിരിയുമാണ്.
Leave a Comment