തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ തെരുവിലുറങ്ങുന്ന മനുഷ്യരുടെ മുന്നില്‍ , 38,000 ഏക്കര്‍ ഭൂമി കൈവശം വെയ്ക്കുന്നവര്‍ കുറ്റവാളികളാണ്: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എം. സ്വരാജ്

കോഴിക്കോട്: ഹാരിസണ്‍സ് പ്ലാന്റ് കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി നിര്‍ത്തിവെക്കണമെന്ന ഹൈക്കോടതി വിധി ജനങ്ങള്‍ക്കും പാവപ്പെട്ടവന്റെ താല്‍പര്യങ്ങള്‍ക്കുമെതിരാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എം.എല്‍.എ. ഹാരിസണ്‍ കേസിലെ വിധി കോടതിയോടുള്ള ജനങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുന്നതല്ല സ്വരാജ് പറഞ്ഞു.

‘ഒരു സെന്റ് ഭൂമി പോലുമില്ലാത്ത ലക്ഷങ്ങള്‍ ജീവിക്കുന്ന നാട്ടില്‍, തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ തെരുവിലുറങ്ങുന്ന മനുഷ്യരുടെ മുന്നില്‍ ,
38,000 ഏക്കര്‍ ഭൂമി കൈവശം വെയ്ക്കുന്നവര്‍ കുറ്റവാളികളാണ്. ആ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞ തോട്ടമാകുമ്പോള്‍ വ്യവസ്ഥാപിത നിയമമനുസരിച്ചും അത് തെറ്റാണ് . ആ തെറ്റിന് മേല്‍ നടപടി സ്വീകരിക്കേണ്ടവര്‍ നടപടിക്രമങ്ങളുടെ തലനാരിഴ കീറി ഹാരിസണ് സന്തോഷമുണ്ടാക്കുന്ന തീര്‍പ്പ് കല്‍പിക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ആരുടെ താല്‍പര്യമാണ്’. ഫേസ്ബുക്കിലിട്ട കുറിപ്പില്‍ സ്വരാജ് ചോദിച്ചു.

സ്വമേധയാ കേസെടുക്കാനും അന്വേഷണത്തിന് ഉത്തരവിടാനും അധികാരമുള്ളവരുടെ കണ്‍മുന്നില്‍ അനീതിയും നിയമ ലംഘനവും നടക്കുമ്പോള്‍ അധികാരം അനീതിക്കൊപ്പമാവുന്നത് ദു:ഖകരമാണെന്നും അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

പാട്ടക്കാലാവധി കഴിഞ്ഞ, അന്യായമായി കൈവശം വെയ്ക്കുന്ന പതിനായിരക്കണക്കിന് എക്കര്‍ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ ഈ നാട്ടിലെ ഭൂരഹിതരായ ദരിദ്രരാണ്. തങ്ങള്‍ക്കവകാശപ്പെട്ട ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ മറ്റാരുടേയും അനുവാദത്തിന് കാത്തു നില്‍ക്കേണ്ടതില്ലെന്ന് ദരിദ്രരായ ജനങ്ങള്‍ തിരിച്ചറിയും. ചിലതരം വിധികള്‍ നിയമവാഴ്ചയെത്തന്നെ ദുര്‍ബലപ്പെടുത്തിയേക്കും. സ്വരാജ് കൂട്ടിച്ചേര്‍ത്തു.

pathram desk 2:
Leave a Comment