‘എന്റെ മരണത്തിന് ഉത്തരവാദി നരേന്ദ്ര മോദി’ കടക്കെണിയിലായ കര്‍ഷന്‍ കുറിപ്പെഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്തു

യാവാത്മാല്‍: തന്റെ മരണത്തിന് കാരണം നരേന്ദ്ര മോദി സര്‍ക്കാരും അവരുടെ നയങ്ങളുമാണെന്ന് കുറിപ്പെഴുതി വെച്ച ശേഷം മഹാരാഷ്ട്രയില്‍ കടക്കെണി മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. യാവാത്മാല്‍ സ്വദേശി ശങ്കര്‍ ബാബുറാവു ചയാരെ(50) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.

‘കടഭാരം കൂടുതലായതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്. എന്റെ മരണത്തിന് ഉത്തരവാദി നരേന്ദ്ര മോദി സര്‍ക്കാരാണ്’, ചയാരെ ആത്മഹത്യാകുറിപ്പില്‍ എഴുതി.

1 ലക്ഷം രൂപയുടെ കടത്തിലായിരുന്നു ചയാരെ. മഹാരാഷ്ട്ര സര്‍ക്കാരിന്റെ വായ്പ എഴുതിത്തള്ളല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശനായിരുന്നു ചയാരെ.

ചയാരെയുടെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ പ്രതിഷേധിച്ചു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്നുമാണ് ഇവരുടെ ആവശ്യം. മാത്രമല്ല, 1 കോടി രൂപയാണ് ഇവര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

ഭാര്യയും നാല് മക്കളുമാണ് ചയാരെക്കുള്ളത്. ആദ്യം തൂങ്ങിമരിക്കാനായിരുന്നു ചയാരെ ശ്രമിച്ചത്. ഇതിനായി മരത്തില്‍ കയറി കയറില്‍ തൂങ്ങിയെങ്കിലും കയറ് പൊട്ടി താഴെ വീണ് മൂക്കിന് തകരാര്‍ സംഭവിച്ചു. തുടര്‍ന്നാണ് വിഷം കഴിച്ച് മരിച്ചത്. യാവാത്മാല്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

pathram desk 1:
Related Post
Leave a Comment