കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കേ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്ന് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. എസ്ഐക്കെതിരെ തല്‍ക്കാലം നടപടിയില്ല. ശ്രീജിത്ത് തന്റെ അച്ഛനെ മര്‍ദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ലെന്ന് വാസുദേവന്റെ മകന്‍ വിനീഷ് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാര്‍ക്കെതിരായ നടപടി.
അതേസമയം ശ്രീജിത്തിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വരാപ്പുഴയില്‍ എത്തിച്ചത്. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റോഡ് ഉപരോധിച്ചത്. ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.
ശ്രീജിത്തിന് മര്‍ദനേറ്റിട്ടുണ്ട് എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങള്‍ക്ക് മുറിവേറ്റതായും കണ്ടെത്തി. മുറിവുകള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.നേരത്തെ ശ്രീജിത്തിന്റെ ഉദരത്തില്‍ മാരക മുറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന സ്വകാര്യ ആശുപത്രിയിലെ ചികില്‍സാ രേഖകള്‍ പുറത്തുവന്നിരുന്നു. ശ്രീജിത്തിന്റെ ചെറുകുടലില്‍ നീളത്തില്‍ മുറിവുണ്ടായിരുന്നു. ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് സമാനമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.