എന്‍ജിനില്ലാതെ യാത്രക്കാരുമായി ട്രെയില്‍ ഓടിയത് 10 കിലോമീറ്റര്‍!!!! അപകടം ഒഴിവായത് തലനാരിഴയ്ക്ക്, രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

ഭുവനേശ്വര്‍: എന്‍ജിന്‍ ഇല്ലാത്ത ട്രെയിന്‍ യാത്രക്കാരുമായി 10 കിലോമീറ്ററോളം ഓടി. ശനിയാഴ്ച രാത്രി 10 മണിക്ക് ഒഡീഷയിലെ തിത്ലഗര്‍ സ്റ്റേഷനിലാണ് അഹമ്മദാബാദ്-പൂരി എക്സ്പ്രസാണ് അപകടകരമായി നീങ്ങിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു.

സ്റ്റേഷനിലെത്തിയ ട്രെയിനിന്‍ എന്‍ജിനും കോച്ചുകളുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍ കോച്ചുകളിലെ സ്‌കിഡ് ബ്രേക്കുകള്‍ പ്രയോഗിക്കാന്‍ മറന്നു പോയി. ഇതോടെയാണ് ട്രെയിന്‍ യാത്രക്കാരെയും കൊണ്ട് നീങ്ങാന്‍ തുടങ്ങിയത്.

അസാധാരണമായി ട്രെയിന്‍ നീങ്ങുന്നത് ശ്രദ്ധയില്‍ പെട്ടയുടന്‍ തന്നെ റെയില്‍വേ ജീവനക്കാര്‍ ട്രാക്കുകളില്‍ കല്ലുകള്‍ വച്ച് തടയാന്‍ ശ്രമിച്ചെങ്കിലും 10 കിലോമീറ്ററോളം ചെന്ന ശേഷമാണ് ട്രെയിന്‍ നിന്നത്. തുടര്‍ന്ന് മറ്റൊരു എന്‍ജിന്‍ അയച്ചാണ് ട്രെയിന്‍ സ്റ്റേഷനിലെത്തിച്ചത്.

‘യാത്രികരെല്ലാവരും സുരക്ഷിതരാണ്. മറ്റൊരു ട്രെയിനില്‍ ഘടിപ്പിക്കാനായി എന്‍ജിന്‍ മാറ്റിയപ്പോഴാണ് ട്രെയിന്‍ കേസിങ്ക ഭാഗത്തേക്ക് നീങ്ങിയത്. ഈ ഭാഗത്തേക്കുള്ള ട്രാക്കുകള്‍ അല്‍പ്പം ചരിഞ്ഞതാണ്.’ കിഴക്കന്‍ റെയില്‍വേ വക്താവ് വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് രണ്ട് റെയില്‍വേ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായും ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതര്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7