ജയില്‍മോചിതനായ സല്‍മാന്‍ മുംബൈയിലെത്തി, വരവേറ്റ് ആരാധകര്‍

ജോധ്പൂര്‍:കൃഷ്ണമൃഗവേട്ടക്കേസില്‍ ജാമ്യം ലഭിച്ച നടന്‍ സല്‍മാന്‍ ഖാന്‍ ജയില്‍മോചിതനായി. 50,000 രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ജോധ്പുര്‍ സെഷന്‍സ് കോടതി നടന് ജാമ്യം അനുവദിച്ചത്. ജയിലിനു പുറത്തു കാത്തുനിന്നിരുന്ന ആരാധകര്‍ ആര്‍പ്പുവിളികളോടെയാണു താരത്തെ വരവേറ്റത്. ജയിലില്‍നിന്ന് വിമാനത്താവളത്തിലേക്കു പോയ സല്‍മാന്‍ പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ തിരിച്ചെത്തി.

ഉച്ചയ്ക്കു ജാമ്യവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പെട്ടെന്നുതന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. കേസില്‍ അഞ്ചുവര്‍ഷം ശിക്ഷിക്കപ്പെട്ട സല്‍മാന്‍ രണ്ടു ദിവസമാണ് ജയിലില്‍ കഴിഞ്ഞത്.സാക്ഷിമൊഴികള്‍ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും സല്‍മാന്റെ അഭിഭാഷകര്‍ വാദിച്ചു. ദൃക്‌സാക്ഷികളുടെ മൊഴിയില്‍ വൈരുധ്യമുണ്ട്. കെട്ടിച്ചമച്ച തെളിവുകളാണു പൊലീസ് ഹാജരാക്കിയത്. സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന നടനു മാനുഷിക പരിഗണന നല്‍കി ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ജഡ്ജിയെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയെങ്കിലും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനെ ബാധിച്ചില്ല.

വന്യജീവി സംരക്ഷണനിയമപ്രകാരം അഞ്ചുവര്‍ഷത്തെ ജയില്‍ ശിക്ഷ കിട്ടിയ സല്‍മാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണു പാര്‍പ്പിച്ചിരുന്നത്. ജയിലിലെത്തിയ താരം മാനസികമായി തളര്‍ച്ചയിലാണെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെങ്കിലും താരം മാനസികമായി തളര്‍ച്ചയിലാണെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7