ന്യൂഡല്‍ഹി: വിവര ചോര്‍ച്ചയില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. 5,62,455 ഇന്ത്യക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി. ഇന്ത്യക്കാരായ 562,455 പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് സമ്മതിച്ചത്. ഫെയ്സ്ബുക്കിനു 8.7 കോടി ഇന്ത്യക്കാരായ ഉപയോക്താക്കളുണ്ട്. ബ്ലോംഗിലൂടെയാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്.
ഗോഗന്‍ എന്ന അപ്ലിക്കേഷനിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഇതുസംബന്ധിച്ച് ഐറ്റി മന്ത്രാലയത്തിന് ഫെയ്സ്ബുക്ക് വിശദീകരണം നല്‍കി.
ഫെയ്സ്ബുക്ക് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തവരുടെയും സുഹൃത്തുക്കളുടെയും വിവരമാണ് ചോര്‍ത്തിയത്. കേംബ്രിജ് അനലിറ്റിക്ക വിവരം ചോര്‍ത്തിയവരില്‍ 81 ശതമാനം പേരും യുഎസ് പൗരന്മാരാണ്. വിവരങ്ങള്‍ ചോര്‍ന്നവരില്‍ 0.6 ശതമാനം പേര്‍ മാത്രമാണ് ഇന്ത്യക്കാര്‍.
സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ലബോറട്ടറീസ് (എസ്സിഎല്‍) ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനവുമാണ് അഞ്ചു കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍നിന്നു കൈവശപ്പെടുത്തിയത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഈ വിവരങ്ങള്‍ ഉപയോഗിച്ചു.
അലക്‌സാണ്ടര്‍ കോഗന്‍ എന്ന റഷ്യന്‍ വംശജനായ അമേരിക്കന്‍ മനഃശാസ്ത്രജ്ഞനാണ് ഒരു ആപ് ഫെയ്‌സ്ബുക്കിലൂടെ നല്കാന്‍ അനുമതി തേടിയത്. ആപ് വാങ്ങുന്നവരുടെ സ്വകാര്യവിവരങ്ങള്‍ അയാള്‍ മുന്നറിയിപ്പു നല്കി നേടിയെടുത്തു. എന്നാല്‍, ഇതിനു ലഭിച്ച സാങ്കേതികസൗകര്യം ഉപയോഗിച്ച് മറ്റാള്‍ക്കാരുടെയും വിവരങ്ങള്‍ ശേഖരിച്ച് എസ്സിഎലിനും അനലിറ്റിക്കയ്ക്കും നല്കി. അനലിറ്റിക്ക എന്ന സ്ഥാപനത്തിന് ഒന്നരക്കോടി ഡോളര്‍ (97.5 കോടി രൂപ) നല്കിയത് ട്രംപിനെ പിന്താങ്ങുന്ന കോടീശ്വരന്‍ റോബര്‍ട്ട് മെര്‍സറാണ്.
ട്രംപിന്റെ പ്രചാരണതന്ത്ര മേധാവി സ്റ്റീവ് ബാനനും പണം മുടക്കി. അനലിറ്റിക്കയ്ക്കു ലഭിച്ച വിവരങ്ങള്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായ ജനാഭിപ്രായം സൃഷ്ടിക്കാനുള്ള പ്രചാരണത്തിന് ഉപയോഗിച്ചു. ഫെയ്‌സ്ബുക്കിലെ ചാറ്റിംഗ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത് ഓരോ വോട്ടറെയും എങ്ങനെ സ്വാധീനിക്കാമെന്നു മനസിലാക്കുകയും അതനുസരിച്ചുള്ള സന്ദേശങ്ങള്‍ അയാള്‍ക്കു നല്കുകയുമാണു കേംബ്രിജ് അനലിറ്റിക്കയും എസ്സിഎലും ചെയ്യുന്നത്.
അനലിറ്റിക്കയുടെ മാതൃകമ്പനി എസ്സിഎല്‍ 2010-ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജെഡി-യു-ബിജെപി സഖ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. സഖ്യം വന്‍ വിജയം നേടുകയും ചെയ്തു. ജെഡിയു നേതാവ് കെ.സി. ത്യാഗിയുടെ പുത്രന്‍ അമരീഷ് ത്യാഗിയുടെ ഓവ്‌ലീന്‍ ബിസിനസ് ഇന്റലിജന്‍സുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനം.