കമല്‍ഹാസന്‍ ചിത്രം ‘ഹേ റാം’ ഹിന്ദിയില്‍ വീണ്ടും റീമേക്ക് ചെയ്യാനൊരുങ്ങി ഷാരൂഖ് ഖാന്‍!!! അതിന്റെ ആവശ്യമുണ്ടോയെന്ന് സോഷ്യല്‍ മീഡിയ

ബാലതാരമായി സിനിമയില്‍ എത്തി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പിന്നീട് നായകവേഷത്തില്‍ ചുവടുറപ്പിച്ച് തമിഴകത്തെ താരചക്രവര്‍ത്തിമാരിലൊരാളായ താരമാണ് കമല്‍ഹാസന്‍. കരിയറിന്റെ തുടക്കത്തില്‍ തമിഴിലെന്ന പോലെ മലയാളത്തിലും കമല്‍ഹാസന്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

പ്രശസ്ത സംവിധായകന്‍ കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ്വ രാഗങ്ങള്‍ എന്ന ചിത്രം കമലിന്റെ കരിയറിലെ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു. ശ്രീവിദ്യ നായികയായി എത്തിയ ചിത്രത്തില്‍ രജനീകാന്തും ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.

1983ല്‍ മൂന്‍ഡ്രാം പിറൈ എന്നി ചിത്രത്തിലെ അഭിനയത്തിനാണ് കമലിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം ആദ്യമായി ലഭിച്ചിരുന്നത്. തുടര്‍ന്ന് നായകന്‍, തേവര്‍ മകന്‍, ഇന്ത്യന്‍ തുടങ്ങിയ ചിത്രത്തിലെ അഭിനയത്തിനും അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ എന്ന ചിത്രം കമലിന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു.

താരത്തിന്റെ കരിയറില്‍ പുറത്തിറങ്ങിയ വ്യത്യസ്ഥ ചിത്രങ്ങളിലൊന്നാണ് ഹേയ് റാം. കമല്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഇന്ത്യ വിഭജനം, മഹാത്മാ ഗാന്ധി വധം തുടങ്ങിയവയെ പ്രതിപാദിച്ച് ഒരുക്കിയ സെമിഫിക്ഷന്‍ ചിത്രമായിരുന്നു ഹേ റാം. ചിത്രത്തില്‍ സാകേത രാമന്‍ അയ്യങ്കാര്‍ എന്ന നായകകഥാപാത്രമായിട്ടായിരുന്നു കമല്‍ എത്തിയിരുന്നത്.

ബോളിവുഡ് താരം ഷാരൂഖ് ഖാനു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2000ത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രം തിയ്യേറ്ററുകളില്‍ പരാജയമായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ടുളള പുതിയൊരു വാര്‍ത്ത് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. ഹേ റാമിന്റെ ഹിന്ദി റീമേക്ക് അവകാശം ഷാരൂഖ് ഖാന്‍ വാങ്ങിയതായുളള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുളള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രത്തിന്റെ പകര്‍പ്പവകാശം നിര്‍മ്മാതാവ് ഭരത് ഷായില്‍ നിന്നും വാങ്ങിയിരിക്കുന്നത്. കമല്‍ഹാസന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രം നേരത്തെ ഹിന്ദിയില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും തീയേറ്ററുകളില്‍ പരാജയപ്പെടുകയാണുണ്ടായത്. മൊഴിമാറ്റി പ്രദര്‍ശിപ്പിച്ച് പരാജയപ്പെട്ട ചിത്രം എന്തിനാണ് പിന്നെയും റീമേക്ക് ചെയ്യുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ ചോദിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7