തിരുവനന്തപുരം: സ്വകാര്യമെഡിക്കല്‍ കോളെജുകള്‍ ചട്ടം ലംഘിച്ച് നടത്തിയ പ്രവേശനം നിയമസഭ സാധൂകരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്. വിദ്യാഭ്യാസ കൊള്ളയ്ക്ക് നിയമസഭ കൂട്ടുനിന്നത് ശരിയായില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. വിദ്യാഭ്യാസ കച്ചവടക്കാരുടെ താല്‍പര്യത്തിനാണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചത്. വിദ്യാര്‍ഥികളുടെ ഭാവിപറഞ്ഞ് സീറ്റ് കച്ചവടത്തിന് ഒത്താശ ചെയ്തുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
പാലക്കാട് കരുണ, കണ്ണൂര്‍ കോളജുകള്‍ ചട്ടം ലംഘിച്ച് നടത്തിയ പ്രവേശനം സാധൂകരിക്കാനാണ് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായത്. ചട്ടം ലംഘിച്ച് നടത്തിയ പ്രവേശനം സാധൂകരിക്കാനുള്ള ബില്‍ നിയമസഭ ഐകകണ്‌ഠ്യേനെയാണ് പാസാക്കിയത്. എംസിഐ അസാധുവാക്കിയ 180 വിദ്യാര്‍ഥികളുടെ പ്രവേശനത്തിനാണ് നിയമസാധുത നല്‍കിയത്. പ്രതിപക്ഷവും ബില്ലിനെ പിന്തുണച്ചു. അതേസമയം, ബില്ലിന്റെ കാര്യത്തില്‍ വി.ടി. ബല്‍റാം സഭയില്‍ എതിര്‍പ്പ് ഉന്നയിച്ചു. ബില്‍ സ്വകാര്യ മാനേജുമെന്റുകളെ സഹായിക്കാനാണെന്ന് ബല്‍റാം ആരോപിച്ചു.
എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബല്‍റാമിന്റെ നിലപാട് തള്ളി. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് ബില്ലിനെ അനുകൂലിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. ഭരണകക്ഷിയുമായി ഇക്കാര്യത്തില്‍ ഒത്തുകളിയൊന്നുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.