കൊച്ചി: സര്‍ക്കാരിന് നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് വിജ്ഞാപനമിറക്കാമെന്ന് ഹൈക്കോടതി. വേതനം സംബന്ധിച്ച അന്തിമ വിജ്ഞാപനമിറക്കുന്നതിനും ഹൈക്കോതിയുടെ അനുമതി നല്‍കിയിട്ടുണ്ട്.വേതനം വര്‍ധിപ്പിച്ച് വിജ്ഞാപനമിറക്കുന്നതിനെതിരേ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ആശുപത്രി മാനേജ്മെന്റുമായി സര്‍ക്കാരിന് ചര്‍ച്ച നടത്താം. സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറങ്ങിയതിനു ശേഷം ആവശ്യമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
മിനിമം വേതന നിര്‍ണയവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ആശുപത്രി മാനേജ്മെന്റും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, അത് പരാജയപ്പെടുകയായിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനമായ 20,000 രൂപ നല്‍കേണ്ടി വന്നാല്‍ ഏറ്റവും ജൂനിയറായ നഴ്സിനു പോലും 33,0000 രൂപ നല്‍കേണ്ടി വരും. ഇത് സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ചര്‍ച്ചയില്‍ ആശുപത്രി മാനേജ്മെന്റുകള്‍ നിലപാടെടുത്തു. എന്നാല്‍, മുന്‍പ് മന്ത്രിതല ചര്‍ച്ചയില്‍ ആലോചിച്ച 18,232 രൂപ ശമ്പളമായി നല്‍കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും ചര്‍ച്ചയില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി നിലപാടുകള്‍ അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ അന്നു വ്യക്തമാക്കിയിരുന്നു.