ഭാരത ബന്ദില്‍ വ്യാപക അക്രമം, വെടിവയ്പ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

ഭുവനേശ്വര്‍: 1989ലെ പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ ഉത്തരേന്ത്യയില്‍ പലയിടത്തും അക്രമം. പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. അക്രമസംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. എന്നാല്‍, മരണസംഖ്യ നാലായി ഉയര്‍ന്നെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വിവിധ ഇടങ്ങളില്‍ ട്രെയിന്‍ ഗതാഗതം സമരക്കാര്‍ തടഞ്ഞു. വീടുകള്‍ക്ക് തീയിടുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ മൊറീനയിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനില്‍ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാരടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

പട്ടികജാതി, വര്‍ഗ വിഭാഗങ്ങളുടെ പരാതിയില്‍ കേസെടുക്കുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തണമെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് എസ്.സി/എസ്.ടി സംഘടനകള്‍ ബന്ദാചരിക്കുന്നത്. ജസ്റ്റിസ് എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് മാര്‍ച്ച് 20നായിരുന്നു വിവാദമായ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗതവും മൊബൈല്‍ ഇന്റര്‍നെറ്റും നിയന്ത്രിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനും നിര്‍ദേശിച്ചിട്ടുണ്ട്. ബിഹാറിലും ഒഡീഷയിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. എന്നാല്‍ ജനജീവിതത്തെ സമരം ബാധിച്ചിട്ടില്ല. സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുനഃപരിശോധനാ ഹരജി നല്‍കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7