റേഡിയോ ജോക്കിയുടെ കൊലപാതകം; അഞ്ചുപേര്‍ കസ്റ്റഡിയില്‍; ഖത്തറിലെ കാമുകിയെ നാട്ടിലെത്തിക്കാന്‍ നീക്കം

കിളിമാനൂര്‍: മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്വട്ടേഷന്‍സംഘം സഞ്ചരിച്ച കാറിനെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചെന്നു സൂചന. വണ്ടി മുന്‍പ് കൈമാറിയ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്. ഈ വഴിത്തിരിവ് ക്വട്ടേഷന്‍ സംഘത്തിലേക്ക് ഉടന്‍ പൊലീസിനെ നയിക്കുമെന്നാണു സൂചന. ഖത്തറിലെ വനിതാ സുഹൃത്ത്, അവരുടെ നാട്ടിലുള്ള കുടുംബാംഗങ്ങള്‍ എന്നിവരെ കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങുന്നു.
ഘാതകര്‍ ആലപ്പുഴയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമെന്നു പൊലീസ് ഉന്നത കേന്ദ്രങ്ങള്‍ സൂചന നല്‍കി. ഖത്തറില്‍ ജോലി നോക്കവെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയുമായി രാജേഷ് അടുത്തബന്ധം പുലര്‍ത്തിയിരുന്നതായാണു പൊലീസ് നല്‍കുന്ന വിവരം. ഇത് അവരുടെ ദാമ്പത്യജീവിതത്തെ ബാധിച്ചു. തുടര്‍ന്നാണു രാജേഷ് പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയതത്രേ. പിന്നീടും ഇവരുടെ സൗഹൃദം തുടര്‍ന്നതായാണു പൊലീസ് നല്‍കുന്ന സൂചന.
പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനായി ചെന്നൈയില്‍ പോകുന്നതിന്റെ തലേദിവസമാണു രാജേഷ് കൊല്ലപ്പെടുന്നത്. ചെന്നൈയില്‍ ജോലി തരപ്പെടുത്തി നല്‍കിയതു വനിതാ സുഹൃത്താണെന്നാണു പൊലീസിന്റെ നിഗമനം. ഇവര്‍ ഭര്‍ത്താവുമായി അകലാന്‍ ഇടയാക്കിയ സംഭവങ്ങളാണോ ക്വട്ടേഷന്‍ കൊലപാതകത്തിനു പിന്നിലെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട് രാത്രി സ്റ്റുഡിയോയില്‍ വനിതാ സുഹൃത്തുമായി ഫോണില്‍ സംസാരിക്കവെ ആയിരുന്നു ആക്രമണം. വിവരം രാജേഷിന്റെ നാട്ടിലുള്ള സുഹൃത്തുക്കളെ അറിയിക്കുന്നതും ഈ സ്ത്രീയാണ്. ഇവരെ ഖത്തറില്‍നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
കൊല്ലപ്പെടുന്നതിന്റെ തലേദിവസം ഹ്രസ്വചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ടു രണ്ടുപേര്‍ രാജേഷിനെ സമീപിച്ചിരുന്നു. ഇതു രാജേഷിന്റെ നീക്കങ്ങള്‍ അറിയാനായിരുന്നോ എന്നും പൊലീസ് സംശയിക്കുന്നു. സിസിടിവിയിലെ അവ്യക്തമായ ദൃശ്യങ്ങളും രാജേഷിനൊപ്പം ആക്രമിക്കപ്പെട്ട കുട്ടന്റെ മൊഴിയും ചേര്‍ത്തുവച്ചാണു കാറിനെപ്പറ്റിയുള്ള അന്വേഷണം വഴിത്തിരിവിലെത്തിച്ചത്.
അതേസമയം, രാജേഷിന്റെ ഫോണ്‍ ഇതുവരെ പ്രവര്‍ത്തിപ്പിക്കാനാവാത്തത് അന്വേഷണത്തെ ബാധിക്കുന്നു. മൊബൈല്‍ ഫോണിലെ വിളിയുടെ വിശദാംശം ഇതുവരെ സൈബര്‍ സെല്‍ കൈമാറിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതില്‍ സൈബര്‍ സെല്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

pathram:
Related Post
Leave a Comment