കെഎസ്ആര്‍ടിസിയിലെ നില്‍പ് യാത്ര;ഹൈക്കോടതി വിധി മറികടക്കാന്‍ മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ക്ലാസ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യുന്നത് വിലക്കിയ ഹൈക്കോടതി വിധി മറികടക്കാന്‍ മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഇതോടെ ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ ഇതുവഴി സാധിക്കും. അടുത്ത ആഴ്ച തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

ഹൈക്കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസിയുടെ അവസഥ പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം പരിശോധിച്ച സര്‍ക്കാര്‍ ചട്ടം പരിഷ്‌ക്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേരള മോട്ടോര്‍വാഹനചട്ടം 267(2) ആണ് സൂപ്പര്‍ക്ലാസ് ബസുകളില്‍ അനുവദിച്ചിട്ടുള്ള സീറ്റുകളേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നത് വിലക്കുന്നത്. ഈചട്ടം ഭേദഗതി ചെയ്യാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. ഇതിന് കോടതിവിധി തടസമാകില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ച നിയമോപദേശം.

കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് തുടങ്ങിയ ബസുകളില്‍ യാത്രക്കാരെ നിറുത്തിക്കൊണ്ട് പോകരുതെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. സൂപ്പര്‍ കഌസ് ബസുകളില്‍ യാത്രക്കാരെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് കെ.എസ്.ആര്‍.ടി.സി ഉയര്‍ന്ന യാത്രാക്കൂലി ഈടാക്കുന്നത്. ഇത് പാലിക്കുന്നില്ലെന്നാരോപിച്ച് പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.ആവശ്യമെങ്കില്‍ ഈ വ്യവസ്ഥ സര്‍ക്കാരിന് പരിഷ്‌കരിക്കാമെന്നും വിധിയില്‍ പറഞ്ഞിരുന്നു.

pathram:
Related Post
Leave a Comment