മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പരിശീലകന്‍ ഡാരന്‍ ലേമാന്‍ രാജിവെച്ചു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തിലാണ് രാജി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷമായിരിക്കും സ്ഥാനമൊഴിയുക. പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരാവാദിത്വം ഏറ്റെടുത്താണ് ലേമാന്റെ രാജി പ്രഖ്യാപനം
തന്റെ താരങ്ങള്‍ മത്സരം വിജയിക്കാനായി പന്തില്‍ കൃത്രിമം കാട്ടിയെന്ന വാര്‍ത്ത പുറത്തുവന്ന് ഇത്രയും വിവാദങ്ങളുണ്ടായിട്ടും വിഷയത്തില്‍ പ്രതികരിക്കാതിരുന്ന ലേമാന്‍ ഇന്നായിരുന്നു മൗനം വെടിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത്. താരങ്ങള്‍ ചെയ്തത് കടുത്ത കുറ്റമാണെങ്കിലും അവരാരും തന്നെ മോശം മനുഷ്യരല്ലായെന്നാണ് പരിശീലകന്‍ പറഞ്ഞത്.
‘സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നായകന്‍ സ്ററീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ ചെയ്തത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്. പക്ഷെ ഇവരാരുംതന്നെ മോശം വ്യക്തികളല്ല. ഇക്കാര്യത്തില്‍ മറ്റൊരു വശംകൂടിയുണ്ട്. ആരാധകര്‍ അവര്‍ക്ക് ഒരവസരംകൂടി നല്‍കണം.’ എന്നും ലേമാന്‍ പറഞ്ഞിരുന്നു.