ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്; തീരുമാനം കെ.സി.എ-കായിക മന്ത്രി ചര്‍ച്ചയെ തുടര്‍ന്ന്

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. കെസിഎ കായികമന്ത്രി എ.സി.മൊയ്തീനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

കൊച്ചിയില്‍ കെസിഎ മത്സരം നടത്താന്‍ താല്‍പര്യപെട്ടിരുന്നെങ്കിലും കോടികള്‍ മുടക്കി സര്‍ക്കാര്‍ അണ്ടര്‍ 17 ലോകകപ്പിന് വേണ്ടി നിര്‍മ്മിച്ച ഫുട്‌ബോള്‍ ടര്‍ഫ് പൊളിക്കാന്‍ സമ്മതിക്കില്ലെന്ന കായിക മന്ത്രി എ.സി മൊയ്ദീന്റെ നിലപാടെടുത്തിരിന്നു. നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുള്‍പ്പടെയുള്ളവര്‍ ഫുട്‌ബോള്‍ ടര്‍ഫ് പൊളിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.

കൊച്ചി സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ ടര്‍ഫ് അത് പോലെ നിലനിര്‍ത്തണമെന്നും തിരുവനന്തപുരത്തെ അത്യാധുനിക സ്റ്റേഡിയമുള്ളപ്പോള്‍ കൊടികള്‍ മുടക്കി ലോകകപ്പിനായി നിര്‍മ്മിച്ച ടര്‍ഫ് പൊളിക്കരുതെന്ന് ഫുട്‌ബോള്‍ താരങ്ങളായ സികെ വിനീത്, റിനോ ആന്റോ, ഇയാന്‍ ഹ്യൂം, സുനില്‍ ഛേത്രി എന്നിവര്‍ അഭിപ്രായപ്പെട്ടിരുന്നു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ഐഎം വിജയന്‍ ഉള്‍പ്പടെ ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നു.

കൊച്ചിയില്‍ മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട് സ്റ്റേഡിയം ഉടമകളായ ജിസിഡിഎ കെസിഎ , കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് എന്നിവരുമായി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് വേദി സംബന്ധിച്ച് തീരുമാനമായത്. നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചി സ്റ്റേഡിയം.

സച്ചിന് പുറമെ തിരുവനന്തപുരം എംപി ശശി തരൂരിനും മത്സരം തിരുവനന്തപുരത്ത് നടത്തണമെന്നാണ് അഭിപ്രായം. ഇത് സംബന്ധിച്ച് ബിസിസിഐ ഉന്നതരുമായി സച്ചിനും തരൂരും ചര്‍ച്ച നടത്തിയിരുന്നു. മത്സരം തിരുവനന്തപുരത്ത് നടത്തുന്നതിനോടാണ് ബിസിസിഐക്കും താല്‍പര്യം.സംസ്ഥാന സര്‍ക്കാരിനും മത്സരം തലസ്ഥാനത്ത് നടത്തുന്നതിനോടാണ് താല്‍പര്യം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7