മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ സ്ഥാപനം ഏറ്റെടുത്ത 125 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കുമെന്ന് കര്‍ഷകര്‍. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലുള്ള 200 ഓളം കര്‍ഷകര്‍ ഇതിന് മുന്നോടിയായി ഇന്ന് ട്രാക്ടറുകളുമായി എത്തി നിലം ഉഴുതുമറിച്ചു. 125 ഏക്കറിലും ഉടന്‍ കൃഷി തുടങ്ങാനാണ് കര്‍ഷകരുടെ തീരുമാനം.
പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പുകേസിലെ പ്രതിയായ നീരവ് മോദി വളരെ കുറഞ്ഞ വിലയ്ക്കാണ് തങ്ങളുടെ ഭൂമി ഏറ്റെടുത്തതെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഏക്കറിന് 15,000 രൂപ നല്‍കിയാണ് നീരവ് മോദിയുടെ സ്ഥാപനം കര്‍ഷകരുടെ ഭൂമി ഏറ്റെടുത്തതെന്ന് അഭിഭാഷകയും സാമൂഹ്യ പ്രവര്‍ത്തകയുമായ കര്‍ഭാരി ഗാവ്‌ലി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഈ പ്രദേശത്ത് കര്‍ഷകരില്‍നിന്ന് ഏറ്റെടുക്കുന്ന ഭൂമിക്ക് ഏക്കറിന് 20 ലക്ഷംരൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്ന സ്ഥാനത്താണിതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ കമ്പനിക്കുവേണ്ടിയാണ് ഭൂമി ഏറ്റെടുത്തത്. ബി.എന്‍.ബി തട്ടിപ്പിനുശേഷം നീരവ് മോദി രാജ്യം വിട്ടതിനെത്തുടര്‍ന്ന് ഈ ഭൂമി അടക്കമുള്ളവ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തിരുന്നു. കര്‍ഷകരുടെ പ്രക്ഷോഭത്തിനിടെ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Leave a Comment