വേണ്ടിവന്നാല്‍ അതിര്‍ത്തികടന്നും പൊട്ടിക്കും, സൂചനയുമായി രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭൂപ്രദേശം സംരക്ഷിക്കാന്‍ ആവശ്യമായിവന്നാല്‍ അതിര്‍ത്തികടന്നും സൈന്യം ആക്രമണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കാഷ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ കാഷ്മീര്‍ വിഷയത്തില്‍ ശാശ്വത പരിഹാരമാണ് തേടുന്നതെന്നും ചര്‍ച്ചയ്ക്കു തയാറാവുന്ന ആരുമായും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയെ അതിനുള്ളില്‍ നിന്നുകൊണ്ടു മാത്രമല്ല സംരക്ഷിക്കാന്‍ അറിയാവുന്നത് ആവശ്യമായി വന്നാല്‍ അതിര്‍ത്തി കടന്നും അതിനു കഴിയും. പാക്കിസ്ഥാനുമായി സൗഹൃദമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ആ രാജ്യം ഇതിന് ഉത്സുകരല്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ലോക രാഷ്ട്രങ്ങളെ ഇന്ത്യയ്ക്കൊപ്പം അണിനിരത്താനും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധേയമാണ്. തീവ്രവാദം ആഗോള പ്രതിഭാസമായി മാറിക്കഴിഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങളെ നമുക്കൊപ്പം നിര്‍ത്താന്‍ മോദിക്കു സാധിച്ചിട്ടുണ്ട്. മുമ്പ് പാക്കിസ്ഥാനെ കുറ്റപ്പെടുത്തി ആരും സംസാരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ പാക്കിസ്ഥാനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. അത് ഇന്ത്യ പകര്‍ന്ന് നല്‍കിയ ധൈര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദത്തെ നേരിടുന്ന കാര്യത്തില്‍ പാക്കിസ്ഥാന് ആത്മാര്‍ഥതയില്ല. അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫീസ് സെയ്ദിനു പാക്കിസ്ഥാന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നു. ഹാഫീസ് സെയ്ദ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പാര്‍ലമെന്റില്‍ എത്തും. ആയിരക്കണക്കിന് നിരപരാധികളെയാണ് ഈ ഭീകരര്‍ കൊലപ്പെടുത്തിയത്. അങ്ങനെയുള്ളവരെ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ അനുവദിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും രാജ്‌നാഥ് ചോദിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7