യു.പി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി; യോഗി ആദിത്യനാഥിന്റെ ഗോരാഖ്പൂരില്‍ ബി.ജെ.പി ലീഡ് താഴേക്ക്, എസ്.പി മുന്നേറുന്നു

ഗോരഖ്പൂര്‍: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ യുപിയില്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ച് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പുരിലും ബിജെപിയുടെ ലീഡ് താഴേക്കു പോയി. രണ്ടിടത്തും സമാജ്‌വാദി പാര്‍ട്ടിയുടെ (എസ്പി) സ്ഥാനാര്‍ഥികളാണ് മുന്നേറുന്നത്. ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അരാരിയ ലോക്‌സഭാ സീറ്റിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സഖ്യം പിന്നിലാണ്.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഗോരഖ്പുരിലുണ്ടായിരുന്ന ലീഡും ബിജെപിക്കു നഷ്ടമായെന്നാണ് ഇതുവരെയുള്ള ഫലം കാണിക്കുന്നത്. ബിജെപിയെ തകര്‍ക്കാന്‍ 25 വര്‍ഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചുനില്‍ക്കുന്നെന്ന പ്രത്യേകതയാണു ഈ ഉപതെരഞ്ഞെടുപ്പിനുള്ളത്. ബിഹാറിലെ അരരിയയില്‍ ബിജെപിയും ആര്‍ജെഡിയും തമ്മിലാണു കടുത്ത പോരാട്ടം.

2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ യോഗി മൂന്നു ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ എം.പി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഫൂല്‍പുറിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിലും ബിജെപി തിരിച്ചടി നേരിടുകയാണ്.

തുടക്കത്തില്‍ ലീഡ് നേടിയെങ്കിലും രണ്ടാം റൗണ്ടോടെ ചിത്രം മാറി. എസ്പി സ്ഥാനാര്‍ഥി ലീഡ് പിടിക്കുകയായിരുന്നു. ഫൂല്‍പ്പൂരിലും കഴിഞ്ഞ തവണ കേശവ് പ്രസാദ് മൗര്യ മൂന്നു ലക്ഷത്തിലധികം വോട്ടിന് ജയിച്ച സ്ഥാനത്താണിത്.

രണ്ട് മണ്ഡലങ്ങളിലും എസ്പി സ്ഥാനാര്‍ഥികള്‍ക്ക് ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരുന്നാല്‍ ഫലം മറിച്ചാകുമെന്ന് ഈ ഉപതിരഞ്ഞെടുപ്പ് തെളിയിച്ചാല്‍ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം തന്നെ യുപിയില്‍ മാറിയേക്കാം.

കോണ്‍ഗ്രസ് മത്സരിച്ചെങ്കിലും ഈ രണ്ട് മണ്ഡലങ്ങളിലും നാമമാത്രമായ വോട്ട് മാത്രമാണ് കിട്ടിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7