അസാധ്യാ സുരേഷ്
കോട്ടയം: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജോലി ചെയ്യാന്‍ മടിച്ച് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍.രാഷ്ട്രീയ സമ്മര്‍ദ്ദവും അമിത ജോലിഭാരവുമാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരെയും കേരളം വിടാന്‍ പ്രേരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കേരളത്തിലേക്ക് എത്തുന്ന ഉദ്യോഗസ്ഥരില്‍ പലരും മനസ് മടുത്ത് ഡെപ്യൂട്ടേഷന്‍ ചോദിച്ച് വാങ്ങി സ്ഥലം വിടുകയാണ്.
കേരള കേഡറില്‍ വരുന്ന ഉദ്യോഗസ്ഥര്‍ പലരും കേരളം വിട്ടുപോകുകയും ജോലി ഉപേക്ഷിക്കുകയും ചെയ്യുന്നതിന്റെ തോതു കൂടിയിട്ടുണ്ട്. റാങ്കുപട്ടികയില്‍ മുന്നില്‍ വരുന്നവര്‍ കേരളം തിരഞ്ഞെടുക്കാന്‍ മടിക്കുകയാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 13 സിവില്‍ സര്‍വ്വീസുകാര്‍ ഡെപ്യൂട്ടേഷന്‍ ചോദിച്ചു വാങ്ങുകയുണ്ടായി. മൂന്നു ഐ.എ.എസുകാര്‍ , അഞ്ച് ഐ.പി.എസുമാര്‍,5ഐ.എഫ്.എസുകാര്‍ എന്നിങ്ങനെയാണ് കണക്ക്.
ഭരണനിര്‍വഹണത്തിനു നേതൃത്വം നല്‍കേണ്ട സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കുറവുമൂലം ഭരണത്തിന്റെ വേഗം കുറയുന്ന സ്ഥിതിയിലാണ് കേരളം. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ കേന്ദ്രം നടത്തുന്ന കേഡര്‍ റിവ്യുവില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചെടുക്കാനാകാത്തതാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ക്ഷാമം നേരിടാനുള്ള പ്രധാന കാരണം. പ്രതിവര്‍ഷം കേരളത്തിലേക്ക് ആറ് ഐ.എ.എസുകാരെ നല്‍കിയിരുന്നത് രണ്ടായി കുറഞ്ഞു. 2002ല്‍ രണ്ടുപേരെയും 2003ല്‍ ഒരാളയുമാണ് കേരളത്തിനു ലഭിച്ചത്. 2004ല്‍ സംസ്ഥാനത്തിനു ലഭിച്ച ഐ.എ.എസുകാര്‍ ഇന്റര്‍സ്റ്റേറ്റ് കേഡര്‍ മാറ്റം വാങ്ങി മറ്റു സംസ്ഥാനങ്ങളിലേക്കു പോയി.
2005 മുതല്‍ 2007 വരെയും കേരളത്തിന് ആവശ്യത്തിന് ആളെ കിട്ടിയില്ല. 2008നു ശേഷമാണ് പഴയ നിലയില്‍ ഉദ്യോഗസ്ഥരെ കിട്ടിത്തുടങ്ങിയത്. എന്നാല്‍, അതുവരെ ഒഴിഞ്ഞുകിടന്ന തസ്തികകളില്‍ കൂടുതല്‍ ആളെ നേടിയെടുക്കാന്‍ സംസ്ഥാനത്തിനായില്ല. ഇതിനിടയിലാണ് തൊഴില്‍ ചെയ്യാനുള്ള അന്തരീക്ഷം മോശമായതിനാലും പലരും ഡെപ്യൂട്ടേഷന്‍ ചോദിച്ച് വാങ്ങുന്നത്. വരുന്ന പോലെ തന്നെ തിരികെ മടങ്ങാന്‍ വെമ്പല്‍ കൊള്ളുകയാണ് പലരും. ഉന്നതോദ്യോഗസ്ഥരുടെ കുറവുമൂലം നിലവിലെ ഉദ്യോഗസ്ഥര്‍ അമിത ജോലി ചെയ്യേണ്ടതായും വരുന്നു.
ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ പല വകുപ്പുകളും നാഥനില്ലാ കളരിയായി മാറി.
231 ഉദ്യോഗസ്ഥരുടെ തസ്തികയുള്ള കേരളത്തില്‍ 180 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഒഴിവാണുള്ളത്. ഇതില്‍ ഐ.എ.എസുകാര്‍ മാത്രം 86 വരും. ഐ.പി.എസ്. തസ്തികകളില്‍ 52 എണ്ണവും 107 ഐ.എഫ്.എസ്. തസ്തികകളില്‍ 42 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. ഇവ നികത്തുന്നതിനുള്ള കാര്യമായ നടപടികള്‍ സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ പല തസ്തികകളും ഒഴിഞ്ഞ് കിടക്കുമ്പോള്‍ ദീര്‍ഘകാല അവധിയില്‍ പോകുന്നവരുടെ എണ്ണവും ഏറിയിട്ടുണ്ട്. പല വകുപ്പുകളിലും നാഥനില്ലാ കളരിയായി കിടക്കുമ്പോള്‍ രണ്ട് വര്‍ഷത്തിനിടയില്‍ എട്ടു പേരാണ് അവധിയില്‍ പോയത്. അവധിയില്‍ പ്രവേശിച്ചവരില്‍ മുന്നില്‍ ഐ.എ.എസുകാര്‍ തന്നെയാണ് മുന്നില്‍. നാലു പേര്‍ ആറുമാസത്തിലധികം അവധിയിലാണ്. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനും മൂന്ന് ഐ.എഫ്.എസുകാരും ഇത്തരത്തില്‍ അവധിയില്‍ കയറിയിട്ടുണ്ട്. ഇങ്ങനെ പലരും മാറി നില്‍ക്കുന്നതോടെ
ഒന്നിലധികം വകുപ്പുകളുടെ ചുമതല വഹിക്കുന്ന 16 ഐ.എ.എസുകാര്‍ സംസ്ഥാനത്തുണ്ട്. അഞ്ച് വകുപ്പുകളുടെ വരെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. ഡെപ്യൂട്ടേഷന് പോകുന്നതോടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ ആവശ്യമായ ഉദ്യോഗസ്ഥരില്ലാത്ത സ്ഥിതിയുണ്ടാകുന്നത്.
ഒന്നിലധികം വകുപ്പുകളുടെ ചുമതല ഒരാളുടെ തലയില്‍വരുമ്പോള്‍ എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം കാര്യമായി ശ്രദ്ധിക്കാനാകുകയില്ല. ഇത് ഫയല്‍നീക്കത്തെയും കാര്യമായി ബാധിക്കുന്നു. വകുപ്പുകള്‍ കൈകാര്യംചെയ്യാന്‍ പ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ കിട്ടുന്നില്ലെന്ന് പല മന്ത്രിമാരും ഇതിനകം പരാതിപ്പെട്ടിട്ടുണ്ട്.