കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിചാരണ നടപടികള്‍ ആരംഭിക്കും. ദിലീപ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സെഷന്‍സ് കേസ് കോടതി പരിഗണിക്കുന്നത്.
നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ കൊരട്ടി തിരുമുടിക്കുന്ന് പൗവത്തുശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി, തമ്മനം മണപ്പാട്ടിപ്പറമ്പില്‍ മണികണ്ഠന്‍, കതിരൂര്‍ മംഗലശേരി വി.പി. വിജേഷ്, ഇടപ്പള്ളി കുന്നുമ്പുറം പാലിക്കാമ്പറമ്പില്‍ സലിം, തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ പ്രദീപ്, കണ്ണൂര്‍ ഇരിട്ടി പൂപ്പള്ളിയില്‍ ചാര്‍ലി തോമസ്, പത്തനംതിട്ട കോഴഞ്ചേരി സ്നേഹഭവനില്‍ സനില്‍കുമാര്‍, കാക്കനാട് ചെമ്പുമുക്ക് കുന്നത്തുവീട്ടില്‍ വിഷ്ണു, ആലുവ ചുണങ്ങംവേലി ചെറുപറമ്പില്‍ അഡ്വ. പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ്വേ പാന്തപ്ലാക്കല്‍ അഡ്വ. രാജു ജോസഫ് എന്നിവരാണ് ദിലീപിനും പള്‍സര്‍ സുനിക്കും പുറമെയുള്ള പ്രതികള്‍.
വിചാരണ നടപടികള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ദിലീപ് ഉള്‍പ്പെടെ 12 പ്രതികളോടും നേരിട്ട് ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ദിലീപ് ഇന്ന് ഹാജരായേക്കില്ലെന്നാണ് വിവരം. അവധി അപേക്ഷ നല്‍കിയേക്കും. ഏത് കോടതിയില്‍ എന്ന് വിചാരണ തുടങ്ങണമെന്ന് സെഷന്‍സ് കോടതിയാണ് തീരുമാനമെടുക്കുക. മുഴുവന്‍ പ്രതികളുടെയും അഭിപ്രായം കൂടി രേഖപ്പെടുത്തിയ ശേഷമാകും സെഷന്‍സ് കോടതിയുടെ തീരുമാനം.
ഓടുന്ന വാഹനത്തിനുള്ളില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒന്നാം പ്രതി സുനി അടക്കം ഏഴു പേര്‍ക്കെതിരേയാണ് പോലീസ് ആദ്യ കുറ്റപത്രം നല്‍കിയിരുന്നത്. പിന്നീട് ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ദിലീപ് അടക്കമുള്ള മറ്റു പ്രതികള്‍ക്കെതിരേ അനുബന്ധ കുറ്റപത്രം നല്‍കുകയായിരുന്നു.
അതേസമയം കേസില്‍ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്നും വനിതാ ജഡ്ജിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മേല്‍ക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. കേസില്‍ എട്ടാം പ്രതിയായ ദിലീപ് തന്റെ ജാമ്യം നീട്ടി നല്‍കണമെന്ന് വിചാരണക്കോടതിയില്‍ ആവശ്യപ്പെടും. ദിലീപിനെതിരേ ഗൂഢാലോചന, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങീ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന പത്തോളം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
തന്റെ ദാമ്പത്യം തകരുന്നതിന് കാരണക്കാരിയായി കരുതുന്ന നടിയോടുളള പകയാണ് ദിലീപിനെ കുറ്റകൃത്യത്തിന് പ്രരിപ്പിച്ചതെന്നും കുറ്റകൃത്യത്തില്‍ പറയുന്നു. മഞ്ജുവാര്യര്‍ ഉള്‍പ്പെടെ 355 പേരെ സാക്ഷികളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിലീപിനെതിരെ ഗൂഢാലോചന ഉള്‍പ്പെടെ തെളിയിക്കുക എന്നതാണ് അന്വേഷണ സംഘം നേരിടുന്ന വെല്ലുവിളി.
ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ അവകാശവാദം. ഈ തെളിവുകളും സാക്ഷിമൊഴികളും കോടതിയില്‍ എത്തുമ്പോള്‍ വലിയ വാദപ്രതിവാദങ്ങളാകും വിചാരണക്കോടതിയില്‍ നടക്കുക.