മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും സ്വത്ത് വിവരങ്ങള്‍ പുറത്ത് വിട്ടു. ഇരുവര്‍ക്കും കൂടി 1000 കോടിയിലേറെ രൂപയുടെ സമ്പാദ്യമാണുള്ളത്. രാജ്യസഭയിലേക്ക് മത്സരിക്കാനായി തിരഞ്ഞെടുപ്പു കമ്മിഷനു ജയാബച്ചന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു സ്വത്തുവിവരങ്ങളുള്ളത്.
ജയയ്ക്ക് 198 കോടിയുടെയും അമിതാഭ് ബച്ചന് 803 കോടിയുടെയും സ്വത്താണുള്ളത്. പാരിസ്, ലണ്ടന്‍, ദുബൈ തുടങ്ങി വിദേശ നഗരങ്ങളിലുള്‍പ്പെടെയായി ഇരുവര്‍ക്കും 19 ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതില്‍ നാല് അക്കൗണ്ടുകളിലായി ജയയ്ക്ക് 6.59 കോടി രൂപയും 15 ബാങ്ക് അക്കൗണ്ടുകളിലായി ബച്ചന് 47.47 കോടി രൂപയുമാണു നിക്ഷേപം. മകന്‍ അഭിഷേക് ബച്ചന്റെയും മരുമകള്‍ ഐശ്വര്യ റായിയുടെയും സ്വത്തുവിവരങ്ങള്‍ സത്യവാങ്മൂലത്തിലില്ല.
അടുത്ത മാസം ജയാ ബച്ചന്റെ രാജ്യസഭാ കാലാവധി അവസാനിക്കും. നിലവില്‍ യുപിയില്‍ ബിജെപിക്കാണ് ഭരണമുള്ളത്. അതുകൊണ്ട് തന്നെ ജയാ ബച്ചന് വീണ്ടും രാജ്യസഭയിലെത്താനാകുമോ എന്ന സംശയമുണ്ടായിരുന്നു.
ഇതോടെ ബംഗാളില്‍ നിന്ന് ജയാബച്ചനെ രാജ്യസഭയിലേക്ക് അയക്കാമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി നിലപാട് എടുത്തു. ഇതിനിടെയാണ് ജയാ ബച്ചനെ വീണ്ടും നാമനിര്‍ദ്ദേശം ചെയ്യാന്‍ എസ് പി തീരുമാനിച്ചത്.