ന്യൂഡല്‍ഹി: സ്വന്തം പാന്റുപോലും കൈകാര്യം ചെയ്യാന്‍ കഴിയാത്ത ലോ വെയ്സ്റ്റ് ജീന്‍സിട്ടു നടക്കുന്ന ആണ്‍പിള്ളേര്‍ക്ക് എങ്ങനെ തങ്ങളുടെ സഹോദരികളെ സംരക്ഷിക്കാനാവുമെന്നു രാജസ്ഥാന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സമന്‍ ശര്‍മ്മ. സ്ത്രീകള്‍ സ്വപ്നം കണ്ട വിരിഞ്ഞനെഞ്ചുള്ള പുരുഷന്മാരെ ഇപ്പോള്‍ കാണാനില്ലെന്നും അവര്‍ പറഞ്ഞു.
അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. അതിരില്ലാത്ത സ്വാതന്ത്ര്യമൊന്നും ലഭിച്ചില്ലെന്ന ചിന്ത സ്ത്രീകള്‍ക്കുവേണ്ടെന്നും സമൂഹം തന്നെ സൃഷ്ടിച്ചതാണ് ഈ അസമത്വമെന്നും അവര്‍ പറഞ്ഞു.
‘വിരിഞ്ഞമാറും, നെഞ്ചില്‍ നിറയെ രോമവുമുള്ള പുരുഷന്മാരെ ഏതൊരു പെണ്ണും ആഗ്രഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് വിരിഞ്ഞമാറുള്ള ആരെയും കാണാനില്ല. അവര്‍ തൂങ്ങിക്കിടക്കുന്ന ജീന്‍സ് ധരിക്കുകയാണ്. സ്വന്തം ജീന്‍സ് മര്യാദയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഒരാള്‍ എങ്ങനെയാണ് സഹോദരികളെ സംരക്ഷിക്കുക?’ എന്നാണ് അവര്‍ ചോദിച്ചത്.
സ്ത്രീകളെപ്പോലെ കമ്മല്‍ ധരിക്കുകയാണ് പുരുഷന്മാരെന്നും ആണ്‍കുട്ടികള്‍ക്ക് എന്താണ് സംഭവിച്ചതെന്നും അവര്‍ ചോദിക്കുന്നു. ‘ഞാന്‍ വിമര്‍ശിക്കുകയല്ല, നമ്മള്‍ ഇതുമാറ്റേണ്ടതുണ്ട്. ആണ്‍കുട്ടികളെ വിരിഞ്ഞമാറുളളവരാക്കേണ്ടതുണ്ട്. അത് നമ്മുടെ ഉത്തരവാദിത്തമാണ്. കുട്ടികളില്‍ മൂല്യങ്ങള്‍ നിറയ്ക്കേണ്ടത് മാതാവിന്റെ ഉത്തരവാദിത്തമാണ്’ അവര്‍ പറഞ്ഞു.