ചക്കപ്പുഴുക്ക്

ചക്ക സീസണ്‍ ആണല്ലോ ഇപ്പോള്‍. ചക്ക കൊണ്ട് പലതരം വിഭവങ്ങള്‍ നമ്മൂക്ക് ഉണ്ടാക്കാം. ചക്കപ്പുഴുക്ക് , ചക്ക ചിപ്‌സ്, ചക്കപായസം. ചക്ക തോരന്‍…അങ്ങനെ പോകുന്നു ചക്കകൊണ്ടുള്ള വിഭവങ്ങള്‍. നമ്മൂക്ക് ഇന്ന് ചക്കപ്പുഴുക്ക് ഉണ്ടാക്കിയാലോ…ചക്കച്ചുള കുരു കളഞ്ഞ് വൃത്തിയാക്കിയത് (ലേശം മധുരം വച്ചുതുടങ്ങിയ ചക്കയും ഉപയോഗിയ്ക്കാം) ഏകദേശം കാല്‍ കിലോ.

മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്.

തേങ്ങ അര മുറി.

കാന്താരിമുളക് എരിവിനനുസരിച്ച്.

ജീരകം അര സ്പൂണ്‍.

വെളിച്ചെണ്ണ, കറിവേപ്പില.

ഉണ്ടാക്കുന്ന വിധം:

ചക്കച്ചുളകള്‍ രണ്ടായി കീറിയശേഷം വട്ടത്തില്‍ അരിഞ്ഞെടുക്കുക. ഈ ചുളകളുടെ കുരു തൊലി കളഞ്ഞ് നീളത്തില്‍ നുറുക്കിയെടുക്കുക.

ചക്കയും കുരുവും കൂടി മഞ്ഞള്‍പ്പൊടിയും സ്വല്പം മുളകുപൊടിയും (മുളകുപൊടി പേരിനു മാത്രം ചേര്‍ത്താല്‍ മതി.) ഉപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. ഇതിലേയ്ക്ക് തേങ്ങയും കാന്താരിമുളകും ജീരകവും കൂടി ചതച്ചെടുത്തത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക (ചിലര്‍ വെളുത്തുള്ളിയും ചേര്‍ക്കും.). അവസാനം കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും ഇട്ട് ഇളക്കുക. പുഴുക്ക് അധികം വെള്ളമയമില്ലാതെ കട്ടിയായിരിക്കണം. (ചക്ക വേവിയ്ക്കുമ്പോള്‍ ഒരുപാട് വെള്ളമൊഴിക്കരുത്).

Similar Articles

Comments

Advertismentspot_img

Most Popular