മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം മുംബൈ അന്ധേരിയിലെ വസതിയിലെത്തിച്ചു. രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരിയിലെ വസതിക്കു സമീപമുള്ള സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. മുംബൈ വിലെപേരല്‍ സേവ സമാജ് ശ്മശാനത്തില്‍ ഇന്ന് വൈകീട്ടു മൂന്നരയ്ക്ക് മൃതഹേം സംസ്‌കരിക്കും.
വ്യവസായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് മൃതദേഹം ദുബൈയില്‍ നിന്ന് മുബൈയിലേക്ക് കൊണ്ടുവന്നത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍, ശ്രീദേവിയുടെ മക്കളായ ജാന്‍വി, ഖുഷി എന്നിവര്‍ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം എത്തിക്കുന്നതു പ്രമാണിച്ച് വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചതോടെയാണ് മൃതദേഹം വിട്ടുനല്‍കിയത്. ദുബൈയിലുണ്ടായിരുന്ന ബോണി കപൂര്‍, മകന്‍ അര്‍ജുന്‍ കപൂര്‍, സഞ്ജയ് കപൂര്‍, റീന മാര്‍വ, സന്ദീപ് മാര്‍വ എന്നിവരുള്‍പ്പെടെ പത്തുപേര്‍ മുംബൈയിലേക്ക് മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഇവിടെനിന്ന് ആംബുലന്‍സ് മാര്‍ഗമാണ് ലോഖണ്ഡ്വാല ഹൗസിങ് കോംപ്ലക്സിലെ ശ്രീദേവിയുടെ വസതിയില്‍ മൃതദേഹം എത്തിച്ചത്.
അതേസമയം, ലോഖണ്ഡ്വാല ഹൗസിങ് കോംപ്ലക്സിലെ ശ്രീദേവിയുടെ വീടിനു മുന്നില്‍ ആരാധകരുടെ വന്‍ തിരക്കാണ്. ചലച്ചിത്ര ടിവി താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ളവരും ഇവിടേക്ക് എത്തുന്നുണ്ട്.
ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം അവസാനിപ്പിച്ചതായി ദുബൈ പൊലീസ് അറിയിച്ചു. ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചു. മരണവുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണു മൃതദേഹം വിട്ടുനല്‍കിയത്.
Leave a Comment