ന്യൂഡല്‍ഹി: ബാര്‍കോഴ കേസില്‍ കെ.എം മാണിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവില്‍ വിജിലന്‍സ് കേസ് നടക്കുന്നുണ്ടെന്നത് ചൂണ്ടിക്കാണിച്ചാണ് ആവശ്യം കോടതി തള്ളിയത്.
ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം നോബിള്‍ മാത്യു നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് ആര്‍.ഭാനുമതി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. കെ.എം മാണിയെ വിജിലന്‍സ് പ്രോസിക്യൂട്ട് ചെയ്യുന്നില്ലെന്നും കൂടുതല്‍ സുതാര്യമാവുന്നതിന് സി.ബി.ഐ അന്വേഷണം വേണമെന്നുമായിരുന്നു നോബിളിന്റെ ഹര്‍ജി.
കേസില്‍ വിജിലന്‍സ് അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസില്‍ ഇടപ്പെടാനാകില്ലെന്നും അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ പിന്നീട് കോടതിയെ അറിയിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേ സമയം ഉത്തരവിനെ കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് താന്‍ വിവരം ഇപ്പോഴാണ് അറിഞ്ഞതെന്നും സുപ്രിം കോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹവും ആശ്വാസകരവുമാണെന്നും കെ.എം മാണി വ്യക്തമാക്കി.