ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുള്ള മൊബൈല്‍ നമ്പറുകള്‍ 13 അക്കമാകുമെന്ന വാര്‍ത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണമായും ശരിയല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ മൊബൈല്‍ ഉപയോക്താക്കള്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല.
ഒക്ടോബര്‍ 18 മുതല്‍ നിലവിലുള്ള എല്ലാ മെഷീന്‍ റ്റു മെഷീന്‍ ഉപയോക്താക്കളുടെയും മൊബൈല്‍ നമ്പറുകള്‍ 13 അക്കങ്ങളാക്കി മാറ്റാനാണ് ടെലികോം ഓപറേറ്റര്‍മാര്‍ക്ക് ടെലികോം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 31 ന് മുമ്പ് ഇത് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. ജൂലായ് ഒന്ന് മുതല്‍ 13 അക്ക മെഷീന്‍ റ്റു മെഷീന്‍ നമ്പറുകളാണ് നല്‍കുക. എന്നാല്‍ നിലവിലുള്ള മൊബൈല്‍ഫോണ്‍ ഉപയോക്താക്കളെ ഈ മാറ്റം യാതൊരു വിധത്തിലും ബാധിക്കില്ല.
മൊബൈല്‍ ഫോണുകളല്ലാതെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയ്ക്കായി മൊബൈല്‍ സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുണ്ട്. ഈ ഉപകരണങ്ങള്‍ തമ്മിലുള്ള വിവര വിനിമയത്തെ മെഷീന്‍ റ്റു മെഷീന്‍ ആശയവിനിമയം എന്നാണ് വിളിക്കുന്നത്.
ട്രായ് നിര്‍വചനമനുസരിച്ച്, മനുഷ്യന്റെ ഇടപെടല്‍ നിര്‍ബന്ധമില്ലാത്ത ഒന്നോ അതിലധികമോ ഉപകരണങ്ങള്‍ തമ്മിലുള്ള ഇന്റര്‍നെറ്റ് ആശയവിനിമയമാണ് മെഷീന്‍ റ്റു മെഷീന്‍ സംവിധാനം. മെഷീന്‍ ടൈപ്പ് കമ്മ്യൂണിക്കേഷന്‍ എന്നും ഇതിനെ വിളിക്കാറുണ്ട്. വിമാനങ്ങള്‍, കപ്പല്‍, കാറുകള്‍, സൈക്കിളുകള്‍ അങ്ങനെ നിരവധിയിടങ്ങളില്‍ മെഷീന്‍ റ്റു മെഷീന്‍ ആശയവിനിമയ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്. ഇതിനായി ഉപയോഗിക്കുന്ന സിംകാര്‍ഡുകള്‍ക്കും പത്തക്ക നമ്പറാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇത് 13 നമ്പര്‍ ആക്കി വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ട്രായ് നല്‍കിയിരിക്കുന്നത്. അതായത് ഈ മാറ്റം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ യാതൊരുവിധത്തിലും ബാധിക്കില്ല. മെഷീന്‍ റ്റു മെഷീന്‍ ആശയവിനിമയം കാര്യക്ഷമമാക്കാനും വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും അതുവഴി സാമ്പത്തിക വികസനം ഉറപ്പാക്കാനുമാണ് സര്‍ക്കാരിന്റെ ഈ നീക്കം.
13 അക്കമാകുന്നുവെന്ന വാര്‍ത്തയ്‌ക്കൊപ്പം ബിഎസ്എന്‍എല്‍ എജിഎം മഹേന്ദര്‍ സിംഗിന്റെ ഒരു ഉത്തരവിന്റെ പകര്‍പ്പാണ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമാകുന്നത്.
എം ടു എം നന്പറുകള്‍ ജൂലൈ ഒന്നുമുതല്‍ പതിമൂന്ന് അക്കമാക്കുമെന്ന് ഉത്തരവിന്റെ പകര്‍പ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് തെറ്റിദ്ധരിക്കാന്‍ ഇടയായത്. എം ടു എം എന്നത് മൊബൈല്‍ ടു മൊബൈലാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചതാണ് പ്രശ്‌നമായത്. എന്നാല്‍ എം2എം എന്നത് മെഷീന്‍ ടു മെഷീന്‍ എന്നാണ് ഉദേശിച്ചിരിക്കുന്നത്. നോക്കിയ കമ്പനിക്ക് ബിഎസ്എന്‍എല്‍ അയച്ച സര്‍ക്കുലറാണ് സോഷ്യല്‍ മീഡിയവഴി വ്യാപകമായി പ്രചരിച്ചത്. എംടുഎം എന്നത് മെഷീന്‍ ടു മെഷീന്‍ ആണെന്ന് നോക്കിയയും സ്ഥിരീകരിച്ചിട്ടുണ്ട്.