ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം നാളെ. തന്റെആശയങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള സംസ്ഥാന പര്യടനം ആരംഭിക്കുന്ന ദിവസം തന്നെ പാര്‍ട്ടി പ്രഖ്യാപനവും ഉണ്ടാകുമെന്ന് നടന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.പര്യടനത്തിന്റെ ഒന്നാംഘട്ടത്തില്‍ സ്വദേശമായ രാമനാഥപുരത്തോടൊപ്പം മധുരൈ, ദിണ്ടിഗല്‍, ശിവഗിരി തുടങ്ങിയ ജില്ലകളിലും കമല്‍ സന്ദര്‍ശനം നടത്തും. തമിഴ്നാട്ടില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ദുഷിച്ച രാഷ്ട്രീയ വ്യവസ്ഥിതിയോട് പ്രതികരിക്കുക എന്നത് മാത്രമാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നതെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ മധുരൈ റാലിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. അതേസമയം, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ റാലിയില്‍ പങ്കെടുക്കില്ല. തനിക്ക് എത്താന്‍ കഴിയില്ലെന്ന് കാണിച്ച് അദ്ദേഹം കമലിന് വീഡിയോ സന്ദേശം അയച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ട്.ജനുവരിയിലാണ് തന്റെ യാത്രയെക്കുറിച്ച് കമല്‍ഹാസന്‍ ആദ്യമായി പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ എന്താണെന്ന് മനസ്സിലാക്കുകയാണ് ലക്ഷ്യം.