ആണായി വേഷം മാറി രണ്ട് പേരെ വിവാഹം ചെയ്ത് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച യുവതി ഒടുവില്‍ കുടുങ്ങി. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് വിചിത്രം സംഭവം അരങ്ങേറിയത്. കൃഷ്ണ സെന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്വീറ്റി സെന്‍ എന്ന യുവതിയെയാണ് ആള്‍മാറാട്ടത്തിനും സ്ത്രീധന പീഡനത്തിനും പൊലീസ് അറസ്റ്റ് ചെയ്തത്.
2013 ല്‍ കൃഷ്ണ സെന്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രൊഫൈലുണ്ടാക്കിയ സ്വീറ്റി, ആണ്‍ വേഷത്തിലുള്ള ഫോട്ടോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. പല സ്ത്രീകളോടും ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചു. ഫെയ്‌സ്ബുക്കിലൂടെ തന്നെ പരിചയപ്പെട്ട കാത്‌ഗോഡം സ്വദേശിയായ പെണ്‍കുട്ടിയെ നേരില്‍ കണ്ട് കല്യാണം ഉറപ്പിച്ചു. അലിഗഢ് സ്വദേശിയായ വ്യവസായിയുടെ മകനാണ് താനെന്നാണ് കൃഷ്ണ സ്വയം പരിചയപ്പെടുത്തിയത്. വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങി. ഫാക്ടറി തുടങ്ങാനെന്ന് പറഞ്ഞ് എട്ടര ലക്ഷം രൂപ ഇതിനോടകം കൃഷ്ണ പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് കൈക്കലാക്കി.
2016 ലായിരുന്നു അടുത്ത വിവാഹം. കലദുംഗി സ്വദേശിനിയായ യുവതിയെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം രണ്ട് ഭാര്യമാരേയും ഹല്‍ദ്വാനിയില്‍ ഒരു വീട്ടില്‍ താമസിപ്പിച്ചു. തന്നെ സ്പര്‍ശിക്കാന്‍ കൃഷ്ണ ഇരുവരെയും അനുവദിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ഭാര്യ, കൃഷ്ണ പുരുഷനല്ലെന്നും സ്ത്രീയാണെന്നും കണ്ടെത്തി. ഇതോടെ പണം വാഗ്ദാനം ചെയ്ത് കൃഷ്ണ പെണ്‍കുട്ടിയെ തനിക്കൊപ്പം നിര്‍ത്തി. കൃഷ്ണ സെന്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നു എന്ന് ആദ്യ ഭാര്യ ഹല്‍ദ്വാനി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. ബുധനാഴ്ച്ച പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.