കോഴിക്കോട്: എറണാകുളം വൈറ്റില മേല്‍പ്പാലനിര്‍മാണം ഗുണകരമല്ലെന്ന് അഭിപ്രായപ്പെട്ട മെട്രൊമാന്‍ ഇ. ശ്രീധരനെ രൂക്ഷമായി വിമര്‍ശിച്ച്‌പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ശ്രീധരന്‍ ആവശ്യമില്ലാത്ത കാര്യത്തിലാണ് ഇടപെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
നാടിനുവേണ്ടി ഇറങ്ങിയില്ലായിരുന്നെങ്കില്‍ തനിക്ക് എന്‍ജിനീയറോ ജഡ്‌ജോ ഐ.എ.എസോ ആവാമായിരുന്നു. ശ്രീധരനോടുള്ള ബഹുമാനം പോയിട്ടില്ല. എങ്കിലും ആവശ്യമില്ലാതെയാണ് ഇപ്പോള്‍ ശ്രീധരന്‍ ഇടപെടുന്നത്. മെട്രോയൊന്നുമല്ലല്ലോ വൈറ്റിലയില്‍ ഉണ്ടാക്കുന്നതെന്നും ജി. സുധാകരന്‍ ചോദിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഫണ്ടുപോലും വകയിരുത്താതെ വിശദമായ പദ്ധതി ഉണ്ടാക്കി തറക്കല്ലിട്ടത്. ശ്രീധരന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് അന്ന് തീരുമാനമെടുത്തത്. അന്ന് മിണ്ടാത്തവര്‍ ഇപ്പോള്‍ സംസാരിക്കുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു. നിര്‍ദ്ദിഷ്ട വൈറ്റില മേല്‍പ്പാലം അശാസ്ത്രീയമാണെന്ന ഇ. ശ്രീധരന്റെ അഭിപ്രായ പ്രകടനത്തിനെതിരെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.