കൊല്ലം: ഗൗരി നേഘയുടെ മരണത്തില്‍ പ്രതികളായ അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരികെയെടുത്ത കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കി.പ്രായപരിധി കഴിഞ്ഞ പ്രിന്‍സിപ്പല്‍ ജോണ്‍ സ്ഥാനത്ത് തുടരുന്നത് ചട്ടവിരുദ്ധമെന്നും അധ്യാപികമാരെ തിരികെയെടുത്തതില്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ വ്യക്തമാക്കി.
അധ്യാപികമാരെ തിരികെയെടുത്ത നടപടി ന്യായീകരിക്കാനാകില്ലെന്നും ഐ.സി.എസ്.ഇ ചട്ടമനുസരിച്ച് പ്രിന്‍സിപ്പലിന്റെ പ്രായപരിധി 60 വയസാണെന്നും ഇദ്ദേഹത്തിന് വയസിളവ് നല്‍കേണ്ടതില്ലെന്നും വിദ്യഭ്യാസവകുപ്പ് നിര്‍ദേശിക്കുന്നു.
ഇതിനിടെ ഗൗരി നേഘാ കേസിന്റെ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിച്ചേക്കും. രണ്ട് അധ്യാപികമാര്‍ പ്രതികളായ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് പൊലിസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.