കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തിരിച്ചടി

കൊച്ചി: വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. റഫറിമാരുടെ പിഴവാണ് ഇത്തവണ തിരിച്ചടിയായത്. ഐഎസ്എല്ലിന്റെ തുടക്കം മുതല്‍ പഴി കേള്‍ക്കുന്ന റഫറിമാരുടെ പിഴവില്‍ ഇത്തവണ ഒരു മത്സരം നഷ്ടമാകുന്നത് ബ്ലാസ്‌റ്റേഴ്‌സിന്റെ യുവതാരം ലാല്‍റുവത്താരയ്ക്കാണ്. മുപ്പത്തിരണ്ടാം മിനിറ്റിലാണ് ലാല്‍റുവത്താരയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കുന്നത്. തോര്‍പ്പിനെ വീഴ്ത്തിയതിനാണ് കാര്‍ഡ് കൊടുത്തത്. വലിയ ഫൗളെന്ന് തോന്നിക്കുമെങ്കിലും രണ്ടുപേരും പന്തിനുവേണ്ടിയുള്ള ശ്രമത്തില്‍ വീഴുകയായിരുന്നു. എന്നാല്‍ റഫറിയുടെ കണ്ണില്‍പ്പെട്ടതാകട്ടെ ലാല്‍റുവത്താര ഫൗള്‍ ചെയ്യുന്നതായിരുന്നു.
ഈ മത്സരത്തിനു മുമ്പ് മൂന്നു തവണ മഞ്ഞക്കാര്‍ഡ് കിട്ടിയിരുന്നു ലാല്‍റുവത്താരയ്ക്ക്. കൊല്‍ക്കത്തയ്‌ക്കെതിരേ ഇല്ലാത്ത മഞ്ഞക്കാര്‍ഡ് വാങ്ങേണ്ടി വന്നതോടെ അടുത്ത കളിയില്‍ ഈ യുവതാരത്തിന്റെ സേവനം ബ്ലാസ്‌റ്റേഴ്‌സിന് നഷ്ടമാകും.
നേരത്തെ കഴിഞ്ഞ മത്സരത്തില്‍ നാലാം മഞ്ഞക്കാര്‍ഡ് കിട്ടിയതുമൂലമാണ് സന്ദേശ് ജിങ്കന് എടികെയ്‌ക്കെതിരേ പുറത്തിരിക്കേണ്ടി വന്നത്. എടികെയ്‌ക്കെതിരേ മഞ്ഞപ്പടയെ നയിച്ച വെസ് ബ്രൗണും വിലക്ക് ഭീഷണിക്ക് അരികെയാണ്. ഇതുവരെ മൂന്നു മഞ്ഞക്കാര്‍ഡ് ബ്രൗണിന് കിട്ടിയിട്ടുണ്ട്. ഇനിയൊരു കളിയില്‍ കൂടി കാര്‍ഡ് വാങ്ങിയാല്‍ കേരള പ്രതിരോധത്തിന് അത് കനത്ത തിരിച്ചടിയാകും.
അതേസമയം ബ്ലാസ്‌റ്റേഴ്‌സിന് ഇനി അവശേഷിക്കുന്നത് മൂന്നു മത്സരങ്ങളാണ്. പതിനേഴിന് നോര്‍ത്ത് ഈസ്റ്റിനെതിരേയണ് അടുത്ത മത്സരം. പിന്നാലെ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ 23ന് കൊച്ചിയിലും ബംഗളൂരുവിനെതിരേ അവരുടെ നാട്ടില്‍ അവസാന മത്സരവും. ഈ മൂന്നു മത്സരങ്ങള്‍ ജയിക്കുന്നതിനൊപ്പം മുന്നില്‍ നില്‍ക്കുന്ന എതിരാളികള്‍, പ്രത്യേകിച്ച് ഗോവയും ജംഷഡ്പൂരും ഇനിയുള്ള മത്സരങ്ങളിലേറെയും തോല്‍ക്കണം. അങ്ങനെ വന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേഓഫിന് സാധ്യതയുണ്ട്.

pathram:
Related Post
Leave a Comment