കൊച്ചി: ഫെബ്രുവരി 16 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്. ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ബസുടമകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നത്.
മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ നേരത്തെ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും ജനുവരി 30 ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സമരം പിന്‍വലിച്ചിരുന്നു. ചര്‍ച്ചയില്‍ ബസുടമകളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നായിരുന്നു സമരം പിന്‍വലിച്ചത്.
മിനിമം ചാര്‍ജ് 10 രൂപയും കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയുമാക്കുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കുക, 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ബസ് പെര്‍മിറ്റുകള്‍ പുതുക്കിനല്‍കുക, വര്‍ധിപ്പിച്ച റോഡ് നികുതി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Leave a Comment