കെഎസ്ആര്‍ടിസിക്കു പിന്നാലെ വൈദ്യുതി ബോര്‍ഡും പ്രതിസന്ധിയില്‍

തിരുവനന്തപുരം: പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മുന്‍ജീവനക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ വൈദ്യുതി ബോര്‍ഡിലും പെന്‍ഷന്‍ വിതരണം തടസപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. കടുത്ത സാമ്പത്തിക ഞെരുക്കം കാരണം ജീവനക്കാരുടെ മാസ്റ്റര്‍ പെന്‍ഷന്‍ ട്രസ്റ്റില്‍ ബോര്‍ഡിന്റെ വിഹിതം നിക്ഷേപിക്കാന്‍ കഴിയില്ലെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ തന്നെ വ്യക്തമാക്കുന്നു. ജീവനക്കാര്‍ക്ക് അയച്ച കത്തിലാണു ബോര്‍ഡ് ചെയര്‍മാന്റെ തുറന്നുപറച്ചില്‍.
വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍.എസ്. പിള്ള കഴിഞ്ഞ മാസം 30 ന് ജീവനക്കാര്‍ക്ക് അയച്ച കത്തിലാണു ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. 2016–17 വര്‍ഷത്തെ ഓഡിറ്റ് പ്രകാരം വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിത നഷ്ടം 1877 കോടി രൂപയാണ്. ജീവനക്കാരുടെ മാസ്റ്റര്‍ പെന്‍ഷന്‍ ആന്‍ഡ് ഗ്രാറ്റ്വിറ്റി ട്രസ്റ്റിലേക്കു നല്‍കേണ്ട ബോര്‍ഡിന്റെ വിഹിതം പോലും നിക്ഷേപിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ചെയര്‍മാന്‍ കത്തില്‍ വ്യക്തമാക്കുന്നു.
വൈദ്യുതി ബോര്‍ഡില്‍ ദീര്‍ഘകാലമായി ദൈനംദിന വരുമാനത്തില്‍നിന്നാണു പെന്‍ഷന്‍ നല്‍കുന്നത്. ഇതു സാധ്യമല്ലെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തവിട്ടിരുന്നു. ഇതനുസരിച്ചാണ് 2013 ല്‍ ബോര്‍ഡ് കമ്പനിയാക്കിയപ്പോള്‍ പെന്‍ഷനും ഗ്രാറ്റ്വിറ്റിയും നല്‍കാന്‍ മാസ്റ്റര്‍ ട്രസ്റ്റ് രൂപീകരിച്ചത്. വൈദ്യുതി ബോര്‍ഡും സര്‍ക്കാരുമാണ് ഇതില്‍ പണം നിക്ഷേപിക്കേണ്ടത്.
വൈദ്യുതി റഗുലേറ്ററി കമ്മിഷന്റ ഉത്തരവനുസരിച്ചു വൈദ്യുതി ബോര്‍ഡ് ബോണ്ടിന്റെ പലിശയാണു നിക്ഷേപിക്കേണ്ടത്. സര്‍ക്കാര്‍ വിഹിതം ബോര്‍ഡ് സര്‍ക്കാരിനു നല്‍കുന്ന കരമാണ്. ഇത് എല്ലാ മാസവും നിക്ഷേപിക്കണമെന്നും ഉത്തരവിലുണ്ട്. പെന്‍ഷന്‍ നല്‍കേണ്ടത് മാസ്റ്റര്‍ ട്രസ്റ്റില്‍നിന്നു വേണമെന്നും മാസാമാസം ഇതിന്റെ കണക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്. പക്ഷേ ഈ രീതിയില്‍ ഇതുവരെ ഒരു പൈസ പോലും മാസ്റ്റര്‍ ട്രസ്റ്റില്‍ എത്തിയിട്ടില്ല. 2013 ലെ പെന്‍ഷന്‍ ബാധ്യത 12,418 കോടി രൂപയായിരുന്നു. ഇപ്പോഴത് 16,150 കോടി രൂപയായി വര്‍ധിച്ചു. പെന്‍ഷന്റെ കാര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ അതേവഴിയിലാണ് കെഎസ്ഇബിയുമെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഇത് കെഎസ്ഇബി മുന്‍ ജീവനക്കാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular