സല്‍മാന്‍ ഖാന്‍ അവതാരകനായെത്തി സൂപ്പര്‍ഹിറ്റാക്കി മാറ്റിയ ഹിന്ദി ടെലിവിഷന്‍ ഷോ ബിഗ് ബോസ് മലയാളത്തിലേക്ക്. മമ്മൂട്ടിയെയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ അവതാരകനായി സമീപിച്ചിരിക്കുന്നത്. എന്നാല്‍, മമ്മൂട്ടി സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ മോഹന്‍ലാലും പരിഗണനയിലുണ്ട്. ഏഷ്യാനെറ്റ് അതീവ രഹസ്യമാക്കിവെച്ചിരിക്കുകയാണ് ബിഗ് ബോസ് ടെലിവിഷന്‍ ഷോയുടെ മലയാളം പതിപ്പ്. മലയാളത്തില്‍ മിനിറ്റ് ടു വിന്‍ ഇറ്റ് പോലെയുള്ള പരിപാടികള്‍ നിര്‍മ്മിച്ച എന്റെമോള്‍ പ്രൊഡക്ഷന്‍ കമ്പനിയാണ് ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിക്കുന്നത്.
പൂനെയിലെ ലോണാവാലയിലാണ് ഷൂട്ടിംഗ് സെറ്റ്. തമിഴ്, തെലുങ്ക് പതിപ്പുകളുടെ ഷൂട്ടിംഗ് സെറ്റുകള്‍ അവിടെയുണ്ട്. അത് പൊളിച്ചു മാറ്റിയിട്ടില്ല. അതേ സെറ്റില്‍ തന്നെയാണ് മലയാളം പതിപ്പും ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. മലയാളം സിനിമയിലെ രണ്ടാം നിരക്കാരെയും ടെലിവിഷന്‍ താരങ്ങളെയും ഉള്‍പ്പെടുത്തിയായിരിക്കും ആദ്യ സീസണ്‍ ഷൂട്ടിംഗ് നടത്തുക. മമ്മൂട്ടിയുടെയും മറ്റ് മത്സരാര്‍ത്ഥികളുടെയും സൗകര്യാര്‍ത്ഥമായിരിക്കും ഷൂട്ടിംഗിനുള്ള ഡെയ്റ്റ് നിശ്ചയിക്കുക.
സന്തോഷ് പണ്ഡിറ്റ്, രാഹൂല്‍ ഈശ്വര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്ത മലയാളി ഹൗസ് ദുഷ്പേര് കേള്‍പ്പിച്ചിട്ടുണ്ടെന്നതിനാല്‍ മമ്മൂട്ടി അവതാരകനായി എത്താന്‍ വിസമ്മതിച്ചിട്ടുണ്ട്. എങ്കിലും മമ്മൂട്ടിയെ തന്നെ അവതാരകനായി നിശ്ചയിക്കാനുള്ള തീവ്രശ്രമത്തിലാണ് നിര്‍മ്മാണ കമ്പനി. മോഹന്‍ലാലിനെയും നിര്‍മ്മാണ കമ്പനി സമീപിച്ചിട്ടുണ്ട്. പക്ഷെ, അമൃത ടിവിയുമായി കരാറുള്ളതിനാല്‍ മോഹന്‍ലാലിന് ഇതിന് സാധിക്കില്ല.
നേരത്തെ സൂര്യ ടിവി സംപ്രേഷണം ചെയ്ത മലയാളി ഹൗസിന് സമാനമായ പരിപാടിയാണിത്. നൂറു ദിവസം മത്സരാര്‍ത്ഥികള്‍ ഒരുമിച്ച് താമസിക്കുകയും വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ച് വിജയിയെ നിശ്ചയിക്കുകുയും ചെയ്യുക എന്നതാണ് ബിഗ് ബോസിന്റെ മാതൃക. തമിഴില്‍ ബിഗ് ബോസ് അവതരിപ്പിച്ചത് കമല്‍ഹാസനായിരുന്നു. മലയാളിയായ ഒവിയയെ തമിഴ് മക്കളുടെ പ്രിയപ്പെട്ട താരമാക്കിയത് കമല്‍ഹാസന്റെ വിജയ് ടിവിയിലെ ഈ ഷോയായിരുന്നു. ഇതേ പരിപാടി തന്നെയാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് മലയാളത്തിലേക്കും കൊണ്ടു വരുന്നത്.
ഫ്ളവേഴ്സ്, മഴവില്‍ മനോരമ തുടങ്ങിയ ചാനലുകള്‍ കയറി വന്നതോടെ ഏഷ്യാനെറ്റിന്റെ പല പരിപാടികളും ചീറ്റി പോയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ തന്നെ ഇറക്കി റേറ്റിംഗ് നിലനിര്‍ത്താന്‍ ഏഷ്യാനെറ്റ് തീരുമാനിച്ചത്. ഏഷ്യാനെറ്റിനെ ഡിസ്നി ഏറ്റെടുത്തതിന് പിന്നാലെ ഉണ്ടാകുന്ന ഏറ്റവും വലിയ പരിപാടികളില്‍ ഒന്നാണിത്.